മുല്ലപ്പെരിയാര്‍ തര്‍ക്കം ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രം; അനുകൂലിച്ച് തമിഴ്‌നാട്; ഉറച്ച നിലപാടെടുക്കണമെന്ന് കേരളം
മുല്ലപ്പെരിയാര്‍ തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാല്‍പര്യഹര്‍ജികളിലാണ് നിലപാട് അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ തമിഴ്‌നാട് അനുകൂലിച്ചു. അതേസമയം, തര്‍ക്കവിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച നിലപാടെടുക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രിംകോടതിയെ അറിയിച്ചത്. രാജ്യത്തെ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച് വിജ്ഞാപനമിറക്കിയിട്ടുണ്ട്. താല്‍ക്കാലിക അതോറിറ്റി നിലവില്‍ വന്നു. അതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതോറിറ്റിക്ക് പരിശോധിക്കാന്‍ സാധിക്കും.