ഹെൽമെറ്റില്ലാതെ ചെന്നുപെട്ടത് മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ; ‘പിഴ’ കേട്ട് ഞെട്ടി യാത്രികർ

0

മാവേലിക്കര: ഹെല്‍മെറ്റ് ഇല്ലാതെത്തിയ ഇരുചക്രവാഹന യാത്രികര്‍ക്ക് പിഴയായി ഹെല്‍മെറ്റ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. പുതിയകാവ് ഭാഗത്ത് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലായിരുന്നു നാടകീയ സംഭവങ്ങള്‍.  ഹെല്‍മെറ്റ് ഇല്ലാതെ നിയമം ലംഘിച്ച് എത്തിയവര്‍ നിരവധി ഉണ്ടായിരുന്നു. പിഴയടിക്കാനായി എല്ലാ വരെയും മാറ്റി നിര്‍ത്തി. ഹെല്‍മെറ്റ് ധരിച്ച് എത്തിയവരെയും പിടിച്ചു നിര്‍ത്തി. എല്ലാ വരും അങ്കലാപ്പിലായി. ഉടന്‍തന്നെ എംഎല്‍എയും ചെയര്‍മാനും അടങ്ങുന്ന സംഘവും സ്ഥലത്തെത്തി. ഇതോടെ ബോധവത്കരണ പരിപാടി ആരംഭിച്ചു.  പിഴയ്ക്കായി കാത്തു നിന്നവര്‍ക്ക് ബോധവത്കരണവും കൂടെ ഹെല്‍മെറ്റും നല്‍കിയപ്പോഴാണ് പലരുടേയും ശ്വാസം നേരെ വീണത്.  നിയമം പാലിച്ച് എത്തിയവര്‍ക്ക് അനുമോദനവും സമ്മാനവും നല്‍കുകയും ചെയതു. മോട്ടോര്‍വാഹന വകുപ്പിന്റെ ശുഭയാത്ര സുരക്ഷിത യാത്ര പദ്ധതിയുടെ ഭാഗമായി നടത്തിയ ബോധവത്കരണ പരിപാടി മാവേലിക്കരക്കാര്‍ക്ക് കൗതുകമായി. ഹെല്‍മെറ്റ് നല്‍കിയവരോട് ഇനിയും ഹെല്‍മെറ്റ് ഇല്ലാതെ കണ്ടാല്‍ പിഴ ഉറപ്പായിരിക്കുമെന്ന താക്കീതും നല്‍കിയാണ് വിട്ടത്. എംഎസ് അരുണ്‍കുമാര്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.വി.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. 

You might also like