ലഹരിക്കടത്തിനെതിരെ കർശന നടപടി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

0

ലഹരിക്കടത്ത് തടയാൻ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുമായി ചേർന്ന് സംയുക്ത പരിശോധനകളും റെയ്ഡുകളും ശക്തിപ്പെടുത്തിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗമുള്ള മയക്കുമരുന്ന് വരവ് തടയാൻ റെയിൽവേ പൊലിസുമായി ചേർന്ന് ട്രെയിനുകളിലും, കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പൊലീസ് എന്നിവരുമായി ചേർന്ന് കടലിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കസ്റ്റംസുമായി ചേർന്നും പരിശോധന നടത്തിവരുന്നതായി മന്ത്രി അറിയിച്ചു. എം എൽ എ മാരായ എം മുകേഷ്, ഡി കെ മുരളി, കാനത്തിൽ ജമീല, എം എസ് അരുൺ കുമാർ എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മന്ത്രിയുടെ മറുപടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും, മദ്യ-മയക്കുമരുന്ന് വിൽപ്പന നടക്കുന്നെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്തും പൊലീസുമായി ചേർന്ന് പരിശോധന നടത്തുന്നുണ്ട്. ഈ പ്രദേശങ്ങളിൽ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും തടയാൻ മുൻകരുതൽ പരിശോധനയും രഹസ്യ നിരീക്ഷണവും നടത്തിവരുന്നു. വനാതിർത്തികളിൽ വനം റവന്യൂ പൊലീസ് വകുപ്പുകളുമായി ചേർന്നും സംയുക്ത പരിശോധന നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഫലപ്രദമായ പ്രവർത്തനം നടത്തിവരുന്നു. വാർഡ് അടിസ്ഥാനത്തിൽ വിമുക്തി കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കോളേജിലും സ്‌കൂളിലും ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സ്‌കൂളുകളിൽ ഉണർവ്വ്, കോളേജുകളിൽ നേർക്കൂട്ടം, ഹോസ്റ്റലുകളിൽ ശ്രദ്ധ എന്ന പേരിൽ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സാങ്കേതിക സർവ്വകലാശാലയിലെ കോളേജുകളിൽ ഉൾപ്പെടെ നേർക്കൂട്ടവും ശ്രദ്ധയും രൂപീകരിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്.

ഇതിന് പുറമേ സ്‌കൂളിലും കോളേജിലും കൗൺസിലിംഗും ലഭ്യമാക്കുന്നുണ്ട്. സൈക്കോളജി, സോഷ്യോളജി യോഗ്യതയുള്ള എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഇതിനായി നിംഹാൻസ് മുഖേന പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ലഹരിക്ക് അടിമയായവർക്ക് ചികിത്സ നൽകാൻ 14 ജില്ലകളിലും ഡി അഡിക്ഷൻ സെന്ററുകളും, തിരുവനന്തപുരം ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഡീ അഡിക്ഷൻ സെന്ററും പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ കൗൺസിലിംഗ് സെന്ററുകൾ മുഖേന കൗൺസിലിംഗ് നൽകിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

You might also like