പരിസരങ്ങളെ അതിജീവിക്കുന്ന പ്രവചനം

0

യെഹെ. 2:5 “കേട്ടാലും കേൾക്കാഞ്ഞാലും–അവർ മത്സരഗൃഹമല്ലോ–തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അവർ അറിയേണം.”

മത്സരികളായ യിസ്രായേലിന്റെ ഇടയിൽ ദൗത്യവുമായി അയയ്ക്കപ്പെടുന്ന യെഹെസ്കേൽ (2:1-4), ഭയമരുതെന്നും ഏതൊരു പ്രതികൂല സാഹചര്യത്തിലും പ്രവചനം തുടരണമെന്നുമുള്ള കർശന നിർദ്ദേശം (2:5-7), അകത്തും പുറത്തും എഴുത്തുള്ള പുസ്തകച്ചുരുൾ തിന്നുവാനുള്ള യെഹെസ്‌കലിനോടുള്ള ദൈവിക നിർദ്ദേശം (2:8-10) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ഈ പുസ്തകത്തിൽ തൊണ്ണൂറ്റിമൂന്നു പ്രാവശ്യം “മനുഷ്യപുത്രൻ” എന്ന പദം ആവർത്തിക്കുന്നു. യിസ്രായേൽ ജനത്തിന്റെ പൊതുസ്വഭാവം മത്സരത്തിലൂന്നിയുള്ളതാണെന്ന വിശേഷണം ഈ അദ്ധ്യായത്തിന്റെ വായനയാകുന്നു. യെഹെസ്കേലിന്റെ ശുശ്രൂഷയോടുള്ള ജനത്തിന്റെ സമീപനം തുറന്ന മനസ്സോടെയുള്ളതായിരിക്കില്ലെന്ന മുന്നറിയിപ്പു യഹോവയായ ദൈവം കൊടുക്കുന്നു. അനുസരണക്കേടും മത്സരവും (2:5) സ്ഥായിഭാവമായുള്ള യിസ്രായേൽ, പ്രവാചകന്റെ ശബ്ദം കേൾക്കുകയില്ല എന്നുമാത്രമല്ല, ധാർഷ്ട്യവും ദുശാഠ്യവും (2:4) പ്രവർത്തിക്കുന്നവരും മുള്ളും പറക്കാരനായും പോലെ പ്രതികരിക്കുന്നവരും തേൾ പോലെ അപകടകാരികളും വാക്കും നോട്ടവും പോലും ഭീതിതമായ (2:6) പ്രകൃതക്കാരും ആയിരിക്കുമെന്നും പ്രവാചകനോട് മുന്നറിയിക്കുന്നു. ചുരുക്കത്തിൽ പ്രവാസത്തിൽ പോലും മറുതലിപ്പിന്റെ പ്രകൃതം കൈവിടാത്ത യിസ്രായേലിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്ന പ്രവാചകൻ തരണം ചെയ്യുവാനുള്ള പാതകൾ അത്യന്തം ദുഷ്കരമായിരിക്കുമെന്നാണ് യഹോവയുടെ അരുളപ്പാടു. എങ്കിലും പ്രവചനം നടത്താതിരിക്കുവാൻ ഇതൊന്നും കാരണമല്ലെന്ന നിശിത നിർദ്ദേശമാണ് ഇവിടുത്തെ കാര്യസാരമെന്നു നാം പഠിയ്ക്കണം! പ്രവചനത്തോടുള്ള പരിസരങ്ങളുടെ അംഗീകരണമോ നിരാകരണമോ അടിസ്ഥാനമാക്കിയല്ല പ്രവചനം തുടരേണ്ടത് എന്ന നിർദ്ദേശം ഏറെ ചിന്തനീയമല്ലേ! ജനത്തിന്റെ മത്സരം ഏതു അതിരുകൾ അതിലംഘിച്ചാലും പ്രവാചകശബ്ദം അതിനുമീതെ ഉയർന്നു തന്നെ നിൽക്കന്നമെന്ന ദൈവനിർബന്ധം അടിവരയിടപ്പെടുന്ന വസ്തുതയാണ്. വചനത്തിന്റെ പ്രസംഗം അടിയന്തിരമായി നടത്തപ്പെടേണ്ട തീവ്രമായ ദൗത്യമാണെന്ന തിരിച്ചറിവിലേക്ക് പ്രവാചകൻ നടത്തപ്പെടേണമെന്ന നിർദ്ദേശമാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരമെന്നു ചൂണ്ടിക്കാണിക്കുവാനാണ് പ്രേരണ!

പ്രിയരേ, ദൈവത്താൽ നിയോഗിക്കപ്പെട്ട പ്രവാചകന്മാർ അഥവാ പ്രസംഗകർ, പരിസരങ്ങളുടെ ക്രിയാത്മക പ്രതികരണങ്ങളിൽ മതിമറക്കുന്നവരോ നിഷേധാത്മക പ്രതികരണങ്ങളിൽ ഒളിച്ചോടുന്നവരോ ആയിരിക്കരുത്. മറിച്ചു, ദൗത്യത്തിന്റെ സമ്പൂർത്തിയോളം അചഞ്ചലമായ നിലപാടും ഉറച്ച കാൽചുവടുകളും സൂക്ഷിക്കുവാൻ ബാധ്യസ്ഥരാണെന്നു വിസ്മരിക്കരുത്. വചനത്തിനു ഉത്തരവാദി അയച്ചവനാണെന്ന തിരിച്ചറിവാണ് ഈ പ്രമേയത്തിൽ പ്രസംഗകനുള്ള മനോബലമെന്നു കരുതുന്നതാണെനിക്കിഷ്ടം!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like