തീയാലും ശുദ്ധീകരിക്കപ്പെടുത്ത കുട്ടകത്തിലെ ക്ലാവ്

0

യെഹെ. 24:12 “അവൾ അദ്ധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ളാവു അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ളാവു തീയാലും വിട്ടുപോകുന്നില്ല.”

തിളയ്ക്കുന്ന കുട്ടകത്തിന്റെ ഉപമയിലൂടെ യിസ്രായേലിന്റെ ന്യായവിധി പ്രസ്താവിക്കുന്നു (24:1-14), യെഹെസ്കേലിന്റെ ഭാര്യയുടെ മരണമെന്ന അടയാളവും അതിലൂടെയുള്ള സന്ദേശവും (24:15-27) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ബാബേൽ പ്രവാസം നടന്ന ദിവസത്തിന്റെ ഓർമ്മ യിസ്രായേൽ ചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്നേ ദിവസം വിശേഷാൽ കുറിയ്ക്കേണമെന്ന നിർദ്ദേശം പ്രവാചകനോട് ദൈവം കൊടുക്കുന്നു. ഒമ്പതാം ആണ്ട് പത്താം മാസം പത്താം തീയതി (24 :1 ഒ. നോ. 2 രാജാ. 25:1; യിരെ. 39:1; 52:4) എന്ന ബി സി 588 ജനുവരി 15 ആണ് ആ ദിവസം. അതിന്റെ ദുഃഖസ്മരണ പ്രവാചകൻ ജനത്തെ മറ്റൊരു സന്ദേശം അറിയിക്കുവാനുള്ള അവസരമായി വേർതിരിച്ചു. വായ് വലുപ്പമുള്ള താമ്രനിർമ്മിതമായ (24:11) വലിയ പാചകപ്പാത്രമാണ് കുട്ടകം. യെരുശലേം കുട്ടകവും അതിലെ നിവാസികൾ മാംസക്കഷണങ്ങളും പാചകക്കാരൻ നെബൂഖദ്‌നേസറുമാണെന്നു സൂചിപ്പിക്കുന്നു. വലിപ്പവും വിസ്താരവുമുള്ള കുട്ടകം ക്ലാവുപിടിച്ചു മലിനമായതാണെന്ന വിശേഷണം (24:6,11,12) വിശേഷാൽ ശ്രദ്ധിച്ചാലും! ഉപയോഗരഹിതമായി വയ്ക്കപ്പെടുന്ന ചെമ്പു, താമ്രം മുതലായ പാത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന കറപോലെയുള്ള വസ്തുവാണ് ക്ലാവ്. യഥാസമയം ക്ലാവ് വൃത്തിയാക്കാതിരുന്നാൽ പാത്രം കേടായിപ്പോകുവാനുള്ള സാധ്യത ഏറെയാണ്. യിസ്രായേൽ എന്ന കുട്ടകം രക്തപാതകം (24:6), മലിനത, ദുർമര്യാദ (24:13) മുതലായവ നിമിത്തം കനത്ത ക്ലാവ് പിടിച്ചു മലിനപ്പെട്ടു പോയി. അതിനെ ശുദ്ധീകരിക്കുവാൻ ദൈവത്താൽ നടത്തപ്പെട്ട സകല പ്രയത്നങ്ങളും പരാജയപ്പെട്ടു പോയെന്ന ദൈവപക്ഷം (24:12,13) ശ്രദ്ധേയമല്ലേ! തീകൊണ്ടു പോലും ശുദ്ധീകരണം നടക്കാതെ പോയ യെരുശലേമെന്ന കുട്ടകം നശീകരണത്തിനല്ലാതെ മറ്റൊന്നിനും ഉതകുന്നില്ല എന്ന വസ്തുത പ്രവാചകൻ ഏറെ പ്രാധാന്യതയോടെ ചൂണ്ടിക്കാണിക്കുന്നു.

പ്രിയരേ, ക്ലാവ് പിടിച്ചു മലിനപ്പെട്ട കുട്ടകം ശുദ്ധീകരണപ്രായമല്ലാത്ത നിലയിൽ ആയിപ്പോയെന്ന പ്രവാചകവാക്കുകൾ നിസ്സാരമായി കരുതാമോ! യഥാസമയം ശുദ്ധീകരിക്കുവാനും മലിനത കഴുകിക്കളയുവാനും തയ്യാറായിരുന്നുന്നെങ്കിൽ വിറകു കൂമ്പാരത്തിൽ (ബാബേൽ അധിനിവേശത്താൽ) അതു നശിക്കുവാൻ ഇടവരുമായിരുന്നില്ല. സമയാസമയങ്ങളിലെ ശുദ്ധീകരണവും കഴുകലും നാശോന്മുഖതകളിൽ നിന്നുള്ള വിടുതൽ വാഗ്ദാനം ചെയ്യുമെന്ന പാഠത്തിനു അടിവരയിടുവാനാണു പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like