പ്രതിദിന ചിന്ത | ക്രിസ്തുവിന്റെ പരമയാഗത്തിന്റെ സ്മരണയും ഗീതികയും
യെഹെ. 46:3 “ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം”.
ദൈവലയത്തിലെ വഴിപാടുകളും യാഗങ്ങളും സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ (46:1-15), പ്രഭുവിനുള്ള പ്രമാണങ്ങൾ (46:16-18), യാഗങ്ങൾ പാകം ചെയ്യുന്നതിനുള്ള വിശുദ്ധ സ്ഥലങ്ങൾ (46:19-23) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
സഹസ്രാബ്ദ ആലയത്തിൽ ആഴ്ച തോറുമുള്ള ശബ്ബത്ത്, മാസം തോറുമുള്ള അമാവാസി, ദിവസേനയുള്ള യാഗങ്ങൾ കൂടാതെ, പെസഹാ, കൂടാരപ്പെരുന്നാൽ എന്നീ ഉത്സവങ്ങളുടെ ആചാരണങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്ന സൂചന ഈ അദ്ധ്യായത്തിന്റെ വായനയാണ്. അതായതു മശിഹായുടെ ഭരണകാലത്തു, നടത്തപ്പെടുന്ന ഈ കർമ്മാചാരങ്ങൾ അവിടൂന്നു പൂർത്തീകരിച്ച പരമയാഗത്തിന്റെ അനുസ്മരണമായി കരുതുന്നതാണ് യുക്തം. പഴയനിയമ യാഗങ്ങളും പെരുന്നാളുകളും അനുഷ്ഠാനങ്ങളുമെല്ലാം വിരൽചൂണ്ടിയിരുന്ന യേശുവിന്റെ പരമയാഗം എക്കാലത്തും ഓർമ്മിക്കപ്പെടേണ്ട ജ്ഞാപകമായി തിരുവെഴുത്തുകൾ ചൂണ്ടിക്കാണിക്കുന്നു. പഴയനിയമ വിശുദ്ധന്മാർ ആ പരമായാഗത്തിന്റെ സമയം “ഏതോ എങ്ങിനെയുള്ളതോ” എന്നറിയാതെ മുമ്പിൽകൂട്ടി സൂചിപ്പിച്ചതായി സ്ലീഹനായ പത്രോസ് (1 പത്രോ. 1:10,11) ചൂണ്ടിക്കാണിക്കുന്നു. കാലസമ്പൂർണ്ണതയിൽ നിറവേറപ്പെട്ട ആ യാഗത്തിന്റെ പൊരുൾ തിരിച്ചറിയുവാൻ പുതിയനിയമ വിശുദ്ധന്മാരായ നമുക്കു ഭാഗ്യം സിദ്ധിച്ചു; സ്തോത്രം! “പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ (അറുക്കപ്പെട്ട കുഞ്ഞാട്) യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ടു അവർ പാടുന്നു” (വെളി. 5:9,10) എന്ന ഗാനത്തിന്റെ ഈരടികളിൽ തുളുമ്പി നിൽക്കുന്ന ഓർമ്മപ്പെടുത്തൽ അവിടുത്തോടുള്ള നന്ദിയുടെ സാരാംശമായി പഠിക്കരുതോ!
പ്രിയരേ, യേശു ക്രിസ്തു ഒരിക്കലായി അർപ്പിച്ച പരമയാഗത്തിന്റെ സ്മരണ സഭായുഗത്തിലും, മാത്രമല്ല, നിത്യതയോളവും തുടരുന്ന സഭയുടെ ഗീതികയാണെന്നതിനു തർക്കമൊന്നുമില്ല. നമ്മുടെ പാട്ടും പ്രശംസയും ദൈവകുഞ്ഞാടും അവിടുത്തെ ക്രൂശുമല്ലാതെ മറ്റെന്താണ്!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.