പ്രതിദിന ചിന്ത | ദൈവസാന്നിധ്യത്തിന്റെ സാധ്യതകൾ

0

യെഹെ. 47:9 “എന്നാൽ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീർന്നിട്ടു സകലവും ജീവിക്കും.”

ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു പുറപ്പെടുന്ന നദിയും അതു ദേശത്തിനു ഉറപ്പാക്കുന്ന അനുഗ്രഹങ്ങളും (47:1-12), ദേശത്തിന്റെ അതിരുകൾ നിർണ്ണയിക്കപ്പെടുന്നു (47:13-23) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ദൈവാലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴിൽ നിന്നും ഒരു ചെറിയ നീരുറവ ഉത്ഭവിച്ചു (47:1) കിഴക്കോട്ടു ഒഴുകി ക്രമപ്രവൃദ്ധമായി ആഴമുള്ള നദിയായി (47:5) പരിണമിക്കുന്നു. നദിയുടെ തീരങ്ങളിൽ വൃക്ഷങ്ങൾ വളരുകയും (47:7) നദിയിലെ വെള്ളം ഒഴുകിയെത്തുന്ന ചാവുകടലിലിൽ മത്സ്യങ്ങൾ കൂട്ടമായി ഉളവാകത്തക്ക നിലയിൽ പഥ്യമായി (47:8-10) തീരുകയും ചെയ്യുന്നു. അതിന്റെ തീരത്തുള്ള ഏൻ-ഗതി മുതൽ ഏൻ-എഗ്ളയീം വരെ മീൻപിടുത്തക്കാർ വലവീശുമെന്ന പ്രസ്താവന (47:10) ചാവുകടലിന്റെ പുനരുജ്ജീവനത്തിന്റെ പ്രഖ്യാപനമായി വേണം കരുതുവാൻ. ചാവുകടലുമായി ബന്ധപ്പെട്ട ചിലയിടങ്ങൾ ഉപ്പുകണ്ടങ്ങളായി (47:11) വേർതിരിക്കപ്പെട്ടു കിടക്കുകയും ചെയ്യും. നദിയുടെ ഇരുകരകളിലും തഴച്ചുവളരുന്ന വൃക്ഷങ്ങൾ മാസം തോറും പുതിയ ഫലം കായ്ക്കുന്നതും അതിന്റെ ഇല ചികിത്സയ്ക്ക് ഉതകുന്നതുമാണ് (47:12). വെളിപ്പാടു പുസ്തകത്തിൽ സമാന്തരമായി വായിക്കുന്ന 22:1,2 വാക്യങ്ങളിൽ ഈ നദി “ജീവജലനദി” എന്ന വിശേഷണമാണ് കൊടുത്തിരിക്കുന്നത്. കൂടാതെ, നദിയുടെ ഇരുകരകളിലും “ജീവവൃക്ഷവും” അതിൽ പന്ത്രണ്ടു വിധം ഫലം കായിക്കുമെന്നും മാസം തോറും അതതു ഫലം കൊടുക്കുമെന്നും വൃക്ഷത്തിന്റെ ഇല “ജാതികളുടെ രോഗശാന്തിക്കും ഉതകുമെന്നും” വായിക്കുന്നു. അക്ഷരീകമായി യെരുശലേം മറ്റു മിക്ക പുരാതന രാജ്യങ്ങളെ പോലെ നദികളുടെ തീരങ്ങളിലല്ല പണിയപ്പെട്ടിരുന്നത്. എന്നാൽ ആത്മീക അർത്ഥത്തിൽ നദിയെന്ന സൂചനകൾ (സങ്കീ. 46:1; 42:1; സെഖ. 14:8; യോവേ. 3:18; യിരെ. 2:13; യോഹ. 4:10-15) ദൈവസാന്നിധ്യത്തിന്റെ നിറവിനെ കാണിക്കുന്നു. നദിയുടെ ദൈർഘ്യം കൂടുന്നതനുസരിച്ചു ആഴവും കൂടുന്നു എന്ന വിശേഷത ശ്രദ്ധേയമാണ്. ആദ്യത്തെ ആയിരം മുഴം അളന്നപ്പോൾ വെള്ളം നരിയാണിയോളവും (47:3), രണ്ടാം ആയിരം മുഴത്തിൽ മുട്ടോളവും (47:4 b), മൂന്നാം ആയിരം മുഴത്തിൽ അരയോളവും (47:4 c), നാലാം ആയിരം മുഴത്തിൽ നീന്തിയിട്ടല്ലാതെ കടക്കുവാൻ കഴിയാത്ത വിധത്തിലുള്ള നദിയായി (47:5) തീരുകയും ചെയ്തു.

പ്രിയരേ, ദൈവസാന്നിധ്യത്തിന്റെ സാധ്യതകളുടെ വർണ്ണന എത്രയോ ശ്രേഷ്ഠമാണു! ക്രമാനുഗതമായും അതേസമയം നൈരന്തര്യമായും ഉളവാകുന്ന ആത്മീക ഉന്നതിയാണ് നമുക്കു അഭിലഷണീയം. അതുള്ളിടത്തു ആത്മീക നവീകരണവും രോഗശാന്തിയും അനുബന്ധ നന്മകളും പ്രാപിക്കുവാൻ നമുക്കിടയാകും; തീർച്ച!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like