പ്രതിദിന ചിന്ത | ദാനിയേലിന്റെ ദർശനവും ശാക്തീകരണവും

0

ദാനി. 10:19 “ഏറ്റവും പ്രിയപുരുഷാ, ഭയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക എന്നു പറഞ്ഞു; അവൻ എന്നോടു സംസാരിച്ചപ്പോൾ ഞാൻ ബലപ്പെട്ടു: യജമാനനേ, സംസാരിക്കേണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.”

ഹിദ്ദേക്കൽ നദീ തീരത്തു വച്ച് ദാനിയേൽ കണ്ട ദർശനം (10:1-9), ദർശനത്തോട് പ്രതികരിക്കുവാൻ അശക്തനായി തീർന്ന ദാനിയേലിനെ തൊട്ടു ശക്തീകരിക്കുകയും വാക്കുകളാൽ ബലപ്പെടുത്തുകയും ചെയ്യുന്നു (10:10-21) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

കാലങ്ങളുടെ ഉരുളലിൽ ദാനിയേൽ ഇപ്പോൾ സുമാർ എൺപതു വയസ്സോളമുള്ള വൃദ്ധനായിരിക്കുന്നു. ദേശത്തിന്റെ നാശത്തിൽ മനംനൊന്തു മൂന്ന് ആഴ്ചവട്ടം മുഴുവനും ഉപവാസത്തോടെ ഹിദ്ദേക്കൽ നദീതീരത്തു ദുഃഖിച്ചിരിക്കുന്ന ദാനിയേൽ (10:4) കണ്ട ദർശനമാണ് ഈ അദ്ധ്യായത്തിന്റെ വായന. വെളിപ്പാടു പുസ്തകത്തിൽ സ്ലീഹനായ യോഹന്നാൻ മഹിമയിൽ വെളിപ്പെടുന്ന യേശുവിനെ കാണുന്ന ദർശനത്തോട് ഏറെ സമാനത പുലർത്തുന്നതാണ് ദാനിയേലിന്റെ ദർശനവും (10:6 ഒ.നോ. വെളി. 1:12-16). രണ്ടു ദർശനങ്ങളുടെയും പരിണിതിയായി ദർശകർ ഇരുവരും ബലം ക്ഷയിച്ചു മൃതപ്രായരായി (10:16,17 ഒ.നോ. വെളി. 1:17a). ഇരുവരും അദൃശ്യമായ കരത്താൽ സ്പർശിക്കപ്പെട്ടു ബലം പ്രാപിച്ചു (10:18 ഒ.നോ. വെളി. 1:17b). ഇരുവരും ദൈവത്തിനു പ്രിയന്മാർ ആയിരുന്നു (10:11,19 ഒ.നോ. യോഹ. 21:7; 13:23). ഇപ്രകാരമുള്ള സമാനതകൾ ഈ പ്രവചനഭാഗങ്ങളുമായി ചൂണ്ടിക്കാണിക്കുവാനുണ്ട്. ദൈവിക ഇടപെടലുകൾ കാര്യമായ മാറ്റങ്ങൾ ഉളവാക്കും. അതായത്, വ്യർത്ഥമായ യാതൊന്നും അവിടുത്തെ പദ്ധതിയിലില്ല തന്നെ! ലോകചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന ദൈവിക ഇടപെടലുകൾ നൈരന്തര്യവും അപരിമേയവുമാണ്. അതിനെ ഉൾക്കൊള്ളുവാനുള്ള ത്രാണി ദാനിയേലിനോ യോഹന്നാനോ തത്തുല്യരായ ഭക്തശിരോമണികൾക്കോ പലപ്പോഴും ഇല്ലാതെ പോയതിന്റെയും അടയാളപ്പെടുത്തലുകൾ തിരുവെഴുത്തുകളിൽ നാം വായിക്കുന്നുണ്ട്. ഉദാഹരത്തിനു, “എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്കു ഒട്ടും ബലം ഇല്ലാതെയും ആയി” (10:8), “ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണുവീണു” (10:9), “ഞാൻ മുഖം കുനിച്ചു ഊമനായ്തീർന്നു” (10:15), “ഈ ദർശനംനിമിത്തം എനിക്കു അതിവേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു” (10:16), “എനിക്കു പെട്ടെന്നു ശക്തിയില്ലാതായി ശ്വാസം ശേഷിച്ചിരിപ്പില്ല” (10:17) മുതലായ പ്രസ്താവനകൾ ചൂണ്ടിക്കാണിക്കാം. എങ്കിലും ദൈവിക സ്പർശനവും (10:10,18), അവിടുത്തെ വാക്കുകളും (10:11,19) അധരങ്ങളിൻമേലുള്ള തൊടലും (10:16) പകർന്നു നൽകുന്ന ബലവും ദൃഢതയും വെളിപ്പാടുകളുടെ നിറഞ്ഞ ഖനി ഉൾക്കൊള്ളുവാൻ നമ്മെ പ്രാപ്തരാക്കും; തീർച്ച!

പ്രിയരേ, ദൈവിക ദർശനങ്ങളുടെ ആവിഷ്കരണം മനുഷ്യ ധിഷണകൾക്കപ്പുറമുള്ള കാര്യപരിപാടികൾ ആയിരിക്കും! അവയുടെ സമഗ്രപര്യവേക്ഷണം ആത്മീക കാഴ്ചപ്പാടുകളുടെ പെരുക്കത്തിനും ദൈവാശ്രയബോധത്തിന്റെ പരിപോഷണത്തിനും കാരണമാകുമെന്നും വിശേഷാൽ കുറിയ്ക്കേണമോ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like