ആര്‍ക്കും യാതൊരു ദോഷവും ചെയ്യാത്ത നിയമം; പൗരത്വ ഭേദഗതിയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍
പൗരത്വ ഭേദഗതി നിയമത്തിന് ന്യായീകരണവുമായി കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലാണ് നിയമത്തെ പിന്തുണച്ചും ന്യായീകരിച്ചുമുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. ആര്‍ക്കും യാതൊരു വിധ ദോഷവും ചെയ്യാത്തതാണ് പൗരത്വ ഭേദഗതി നിയമമെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
പൗരത്വ ഭേദതഗതി നിയമം തികച്ചും നിര്‍ദോഷകരമാണെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന വാദം. നിയമം ഭരണഘടനാ വിരുദ്ധമല്ല. ഇന്ത്യയിലെ ഒരു പൗരന്റെയും അവകാശം കവര്‍ന്നെടുക്കുന്നതല്ല ഈ നിയമമെന്നും പതിറ്റാണ്ടുകളായി രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമാണിതെന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അനധികൃത കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല നിയമമെന്നും സത്യവാങ്മൂലത്തിലുണ്ട്.
പൗരത്വ നിയമ ഭേദഗതി ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഹര്‍ജി പരിഗണിച്ച കോടതി വിശദ വാദങ്ങളില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ എഴുതി നല്‍കാന്‍ ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിടണോ എന്നതും ഇന്ന് പരിഗണിക്കും.
പൗരത്വ ഭേദഗതി ബില്ലിനെതിരായ ഇരുന്നൂറോളം പൊതു താല്പര്യ ഹര്‍ജികള്‍ കോടതിക്ക് മുന്നിലുണ്ട്. മുസ്ലീം ലീഗും, കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും ഉള്‍പ്പടെ നിരവധി സംഘടനകളും, വ്യക്തികളും കേന്ദ്ര സര്‍ക്കാരിന്റെ നിയമത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത്.