പ്രതിദിന ചിന്ത | ദാനിയേലിന്റെ എഴുപതു ആഴ്ചവട്ടത്തിന്റെ സംക്ഷേപം

0

ദാനി. 9:24 “അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്വാവനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.

യിസ്രായേലിന്റെ ബാബേൽ പ്രവാസം എഴുപതു സംവത്സരം കൊണ്ടു തീരുമെന്ന യിരെമ്യാവിന്റെ പ്രവചനം ഓർക്കുന്ന ദാനിയേൽ (9:1-2), ഉപവാസത്തോടെ പ്രാർത്ഥിക്കുന്ന ദാനിയേൽ (9:3-19), എഴുപതു ആഴ്ചവട്ടം എന്ന നിർണ്ണായകമായ പ്രമേയത്തിന്റെ പ്രഖ്യാപനം (9:20-27) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

കൽദയ ദേശത്തിന്റെ അധികാരം പിടിച്ചടക്കിയ ദാര്യാവേശ് രാജാവിന്റെ ഒന്നാം ആണ്ടിൽ അഥവാ ബി സി 538 ൽ ദാനിയേലിനു ലഭിച്ച വെളിപ്പാടുകളുടെ ആലേഖനമാണ് ഈ അദ്ധ്യായത്തിന്റെ ഉള്ളടക്കം. ദാനിയേൽ അടക്കമുള്ള പ്രവാസികൾ ബാബേലിൽ എത്തിയിട്ട് സുമാർ അറുപത്തേഴു വർഷങ്ങൾ പിന്നിടുന്നു. യെരുശലേമിന്റെ ശൂന്യാവസ്ഥയുടെ ഓർമ്മകൾ ഏതൊരു ദേശസ്നേഹിയായ യഹൂദനെയും പോലെ ദാനിയേലിനേയും ഏറെ അലോസരപ്പെടുത്തിയെന്നാണ് ഞാൻ കരുതുന്നത്. ഈ അവസരത്തിലാണ് യെരുശലേമിന്റെ ശൂന്യാവസ്ഥ എഴുപതു വർഷങ്ങൾ കൊണ്ടു സമാപിക്കുമെന്നും ജനം പ്രവാസത്തിൽ നിന്നും തിരികെ യെരുശലേമിൽ എത്തുമെന്നുമുള്ള പ്രവചനം യിരെമ്യാവിന്റെ പുസ്തകം 25:11,12 വാക്യങ്ങളുടെ അടിസ്ഥാനത്തിൽ ദാനിയേൽ ഗ്രഹിച്ചത്. അടുത്ത മൂന്നു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ചരിത്രത്തിൽ അരങ്ങേറുവാൻ പോകുന്ന വലിയ രാഷ്ട്രീയ മാറ്റംമറിച്ചിലുകൾ സ്വപ്നങ്ങളിലൂടെ തിരിച്ചറിഞ്ഞ ദാനിയേൽ, യിരെമ്യാവിന്റെ പ്രവചങ്ങളുമായി സംഗതികളെ ചേർത്തു വായിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ദാനിയേൽ ഉപവസിക്കുവാനും രട്ടുടുക്കുവാനും തയ്യറായി. തന്റെ പിതാക്കന്മാരുടെ വികടമായ നടപ്പും മത്സരവും ദുഷ്പ്രവൃത്തികളും നിമിത്തമാണ് പ്രവാസവും അനുബന്ധ നാശങ്ങളും യെരുശലേമിൽ സംഭവിച്ചതെന്ന തിരിച്ചറിവിൽ ദാനിയേൽ ഹൃദയതകർച്ചയോടെ കരയുവാനും ഏറ്റുപറയുവാനും തുടങ്ങി. പ്രാർത്ഥനയുടെ മദ്ധ്യേ, സന്ധ്യായാഗത്തിന്റെ സമയത്തു അതായതു, ഉച്ചതിരിഞ്ഞു സുമാർ, മൂന്നു മണിയോടെ ഗബ്രിയേൽ ദൂതൻ (9:21) ദർശനത്തിൽ ദാനിയേലുമായി സംഭാഷിച്ചു. ഈ സംഭാഷണത്തിൽ “…..നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു” (9:24) എന്ന പ്രഖ്യാപനം നടത്തുന്നു. “ആഴ്ചവട്ടം” എന്ന പ്രയോഗം വർഷങ്ങളുടെ കണക്കായി വേണം പഠിയ്ക്കുവാൻ. യെരുശലേമിനെ യാഥാസ്ഥാനത്താക്കി പണിയുവാൻ ബിസി 445 ൽ അർത്ഥഹ്ശഷ്ടാ ലോംഗിമാനസ് കല്പന പുറപ്പെടുവിക്കുന്നതോടെ എഴുപതു ആഴ്ചവട്ടം ആരംഭിക്കുന്നു (9:25b). അറുപത്തൊമ്പതു ആഴ്ചവട്ടം കഴിഞ്ഞിട്ട് അഭിഷിക്തന്റെ മരണം അഥവാ യേശുകർത്താവിന്റെ ക്രൂശിലെ മരണം സംഭവിക്കുന്നു. എഴുപതാം ആഴ്ചവട്ടം ആരംഭിക്കുന്നതിനു മുമ്പ്, ഉണ്ടാകുന്ന ഒരു ഇടവേള ഉളവാകുന്നു. ഈ ഇടവേളയാണ് സഭായുഗം അഥവാ കൃപായുഗം. എഴുപതാം ആഴ്ചവട്ടത്തിന്റെ ആരംഭത്തിൽ “അവൻ” (9:27) അഥവാ എതിർക്രിസ്തു നടത്തുന്ന ഭരണത്തിൽ ആദ്യപകുതിയിൽ സഖ്യതയിലും അടുത്ത പകുതി കഠിനമായ നിയമങ്ങളുടെ അടിച്ചേൽപ്പിക്കലുകളും നടത്തുന്ന മഹാപീഡനകാലം സംഭവിക്കും. “നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം” (9:27) അഥവാ പീഡയുടെ അവസാനത്തിങ്കൽ മശിഹയുടെ വെളിപ്പെടലോടെ നിത്യരാജ്യത്തിന്റെ സ്ഥാപനം സംഭവിക്കുമെന്ന വസ്തുതയാണ് ഈ മാർമ്മിക വസ്തുതാ വിവരണം മുമ്പോട്ട് വയ്ക്കുന്നത്!

പ്രിയരേ, ലോകസാമ്രാജ്യങ്ങളുടെ അസ്ഥിരതകളും ചാഞ്ചാട്ടങ്ങളും സ്ഥിരമായ നിത്യരാജ്യ സ്ഥാപനത്തിലേക്കുള്ള ദ്രുതഗതിയിലെ കുതിപ്പായി നാം തിരിച്ചറിയണം. മശിഹായുടെ ഒരിക്കലും നീങ്ങിപ്പോകാത്ത നിത്യരാജ്യത്തിനായുള്ള കാത്തിരുപ്പാണല്ലോ നമ്മുടെ പ്രത്യാശ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like