പ്രതിദിന ചിന്ത | യോനായുടെ അനുസരണക്കേടും മഹാമത്സ്യത്തിന്റെ അനുസരണവും

0

യോനാ 1:17 “യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.”

നിനെവേയിലേക്കു അയയ്ക്കപ്പെട്ട യോനാ, തർശ്ശീശിലേക്കുള്ള കപ്പലിൽ യാത്ര ആരംഭിക്കുന്നു (1:1-3), യാത്രാക്കപ്പലിനു നേരിട്ട പെരുങ്കാറ്റും അനുബന്ധ നാശനഷ്ടങ്ങളും (1:4-7), കപ്പൽക്കാരുടെ മുമ്പാകെ തെറ്റുകൾ ഏറ്റുപറയുന്ന യോനാ (1:8-12), കടലിൽ എറിയപ്പെട്ട യോനാ മഹാമത്സ്യത്തിന്റെ വയറ്റിൽ സംരക്ഷിക്കപ്പെടുന്നു (1:13-17) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യോനായുടെ പ്രവചന പുസ്തകം “പ്രാവ്” എന്നു പേരിനർത്ഥമുള്ള അമിത്ഥായുടെ മകനായ യോനാ പ്രവാചകൻ ബി സി 760 ൽ എഴുതിയെന്നു കരുതപ്പെടുന്നു. നസ്രേത്തിനു സമീപമുള്ള ഗത്ത്ഹേഫെറിൽ നിന്നുള്ള പ്രവാചകനായ യോനാ, വടക്കേ ദേശമായ യിസ്രായേലിൽ (ശമര്യ) പ്രവാചകൻ ആയിരുന്നു. യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ (ബിസി 793 -753) കാലത്തായിരുന്നു (2 രാജാ. 14:25) യോനാ പ്രവാചകൻ ശുശ്രൂഷ ചെയ്തിരുന്നത്. തികച്ചും ഉദ്വേഗജനകമായ ചരിത്രാലേഖനം ചെയ്യപ്പെട്ടിട്ടുള്ള നാല് അദ്ധ്യായങ്ങളും നാല്പത്തെട്ടു വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ മുപ്പത്തിരണ്ടാമത്തെ (32) പുസ്തകമായ യോനായുടെ പ്രവചനത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്കു പ്രാർത്ഥനയോടെ പ്രവേശിക്കാം.

ദൈവിക അരുളപ്പാടുകളെ അപരിമേയമായും യാഥാർഥ്യബോധത്തോടെയും കടന്നു വിശ്വസിച്ച പ്രവചകനായിരുന്നു യോനാ. പലസ്തീനിൽ നിന്നും സുമാർ 800 കിമീ ദൂരത്തു, ടൈഗ്രീസ് നദിയുടെ കിഴക്കേ തീരത്തു സ്ഥിതി ചെയ്തിരുന്ന പട്ടണമായിരുന്നു നിനെവെ. അതേസമയം തർശീശാകാട്ടെ, പലസ്തീന്റെ പടിഞ്ഞാറു ദിക്കിൽ നിനെവെയുടെ എതിർദിശയിൽ സുമാർ 4000 കിമീ ദൂരത്തു സ്ഥിതി ചെയ്തിരുന്നു. ‘മഹാനഗരമായ നിനെവെ’ എന്നാണ് ഈ പട്ടണത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അശൂർ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമായിരുന്നു നിനെവെ. ദുഷ്ടതയുടെ പരകോടി പൂകിയിരുന്ന നിനെവെ എന്ന ജാതീയ പട്ടണത്തിലേക്കു പ്രവാചകനായി അയയ്ക്കപ്പെട്ട യോനാ, പക്ഷേ അവിടേയ്ക്കു പോയി അപകടസാധ്യത ഏറ്റെടുക്കുന്നതിൽ വിമുഖത പ്രകടിപ്പിക്കുകയും പകരം സുരക്ഷിതമെന്ന് തനിക്കു തോന്നിയ തർശീശിലേക്കു പോകുവാൻ കപ്പൽ കയറുകയും ചെയ്തു. എന്നാൽ കപ്പലിനെതിരെ അടിച്ച അതിഭയാനകമായ പെരുങ്കാറ്റിന്റെ കാരണം തിരിച്ചറിഞ്ഞ കപ്പൽക്കാർ പ്രവാചകനെ കടലിൽ എറിഞ്ഞു കളയുകയും ദൈവത്താൽ നിയോഗിക്കപ്പെട്ട ഒരു മഹാമത്സ്യം യോനയെ അതിന്റെ ഉള്ളിലാക്കി ദൈവിക കാര്യപരിപാടികളുടെ പൂർത്തീകരണത്തിലേക്കു ചുവടു വയ്ക്കുകയും ചെയ്തു.

പ്രിയരേ, ദൈവിക കാര്യപരിപാടികൾ മാനുഷിക ബുദ്ധിമണ്ഡലത്തിന്റെ മൂശയിൽ തിരുകിക്കയറ്റുന്നതിന്റെ അപകടം ഈ സംഭവത്തിലൂടെ വ്യക്തമാക്കുന്നു. അവിടുത്തെ അരുളപ്പാടുകളെ സമ്പൂർണ്ണമായി അനുസരിക്കുന്നതോളം മറ്റൊന്നും അനുഗ്രഹത്തിനു കാരണമല്ലെന്നും നാം തിരിച്ചറിയണം.

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like