ഈജിപ്തിൽ 125 ക്രൈസ്തവ ദേവാലയങ്ങള്‍ക്കു കൂടി അനുമതി

0

കെയ്റോ: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ 125 ക്രൈസ്തവ ദേവാലയങ്ങള്‍ക്കു കൂടി നിയമപരമായ അംഗീകാരം നല്‍കി. നവംബർ 14 ന് ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈജിപ്തിലെ ദേവാലയങ്ങള്‍ നിയമവിധേയമാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന സർക്കാർ കമ്മിറ്റി 125 ആരാധനാലയങ്ങൾക്കും നിയമപരമായ പദവി നൽകിയത്. അതേസമയം 2017നു ശേഷം ഈജിപ്തില്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്ന ദേവാലയങ്ങളുടെ എണ്ണം 2526 ആയി ഉയര്‍ന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 239 ദേവാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിന്നു. ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായി ഭരണകൂടം കൈക്കൊണ്ട തീരുമാനത്തെ ക്രൈസ്തവ സമൂഹവും സഭാനേതൃത്വവും സ്വാഗതം ചെയ്തു. 

2016 ഓഗസ്റ്റ് 30നാണ് ഈജിപ്ത് പാര്‍ലമെന്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പരിപാലനവുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം നടത്തിയത്. സർക്കാർ അനുമതിയില്ലാതെ നിർമിച്ച ക്രിസ്ത്യൻ ആരാധനാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങൾക്കും നിയമപരമായ അനുമതി നൽകാൻ 2016-ല്‍ പ്രത്യേക കമ്മിറ്റി തന്നെ രൂപീകരിച്ചിരിന്നു. ഇതിന്‍ പ്രകാരമാണ് വിവിധ പരിശോധനകള്‍ക്ക് ശേഷം അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു അംഗീകാരം നല്‍കിയത്. അംഗീകാരം ലഭിച്ച ദേവാലയങ്ങളില്‍ ഭൂരിഭാഗവും പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് നിര്‍മ്മിക്കപ്പെട്ടവയാണ്.

1934-ലെ ഓട്ടോമന്‍ നിയമസംഹിതക്കൊപ്പം ചേര്‍ക്കപ്പെട്ട 10 നിയമങ്ങള്‍ അനുസരിച്ച് ഈജിപ്തില്‍ ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണം വളരെയേറെ സങ്കീര്‍ണ്ണമായൊരു പ്രക്രിയയായിരുന്നു. സ്കൂളുകള്‍ക്കും, കനാലുകള്‍ക്കും, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും, റെയില്‍വേക്കും, പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും സമീപം ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നത് നിരോധിച്ചതിന് പുറമേ, പുതിയ ദേവാലയ നിര്‍മ്മാണത്തിന് പ്രസിഡന്റിന്റെ അംഗീകാരവും ആവശ്യമായിരുന്നു. 

ദേവാലയനിര്‍മ്മാണത്തിനു വേണ്ട അനുമതി ലഭിക്കുക ബുദ്ധിമുട്ടേറിയ കാര്യമായതിനാല്‍, അനുമതിയില്ലാതെയാണ് ക്രൈസ്തവ സമൂഹം ദേവാലയങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ 2016-ലെ പുതിയ നിയമനിര്‍മ്മാണത്തിന് ശേഷം സങ്കീര്‍ണ്ണമായ ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവായിട്ടുണ്ട്. ജനസംഖ്യയുടെ 85-95% സുന്നി മുസ്ലീങ്ങള്‍ തിങ്ങി പാര്‍ക്കുന്ന രാജ്യമാണ് ഈജിപ്ത്. കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ് രണ്ടാം സ്ഥാനത്തുള്ളത്. ആകെ ജനസംഖ്യയുടെ 5-15% ആണ് കോപ്റ്റിക് ക്രൈസ്തവര്‍.

You might also like