പ്രതിദിന ചിന്ത | മോരസ്ത്യനായ മീഖായുടെ പ്രവാചകം
മീഖാ. 1:3 “യഹോവ തന്റെ സ്ഥലത്തു നിന്നു പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു.”
പ്രവാചകന്റെ പരിചയപ്പെടുത്തൽ (1:1), ശമര്യയ്ക്കും യെരുശലേമിനും വിരോധമായ ന്യായവിധിയുടെ പ്രഖ്യാപനം (1:2-7), യിസ്രായേലിന്റെ പ്രവാസം നിമിത്തമുള്ള ദുരന്തങ്ങളുടെ വിലാപം (1:8-16) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
“യാഹോവയെപ്പോലെ ആരുള്ളൂ” എന്നു പേരിനർത്ഥമുള്ള, പലസ്തീന്റെ തെക്കുപടിഞ്ഞാറുള്ള മോരേശേത്തിൽ നിന്നുള്ള പ്രവാചകനായ മീഖാ സുമാർ ബി സി 700 ൽ എഴുതിയെന്നു കരുതപ്പെടുന്ന പുസ്തകമാണിത്. യഹൂദാ കേന്ദ്രമാക്കി യോഥാം (ബിസി 750-732), ആഹാസ് (ബിസി 736-716), യെഹിസ്കീയാവു (ബിസി 716-687) എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തു മീഖാ തന്റെ ശുശ്രൂഷ ചെയ്തിരുന്നു. ആമോസിനെ പോലെ മീഖായും സാമൂഹ്യനീതിയ്ക്കു വേണ്ടി ശബ്ദമുയർത്തിയ പ്രവാചകൻ ആയിരുന്നു. യാഗങ്ങളേക്കാളും വഴിപാടുകളേക്കാളും പ്രാധാന്യമർഹിക്കുന്നത് നീതിപൂർവ്വം ജീവിക്കുകയും കരുണയെ സ്നേഹിക്കുകയും കർത്താവിനെ അനുഗമിക്കുകയും ചെയ്യുന്നതാണെന്നു പഠിപ്പിയ്ക്കുന്ന ഏഴു (7) അദ്ധ്യായങ്ങളും നൂറ്റിയഞ്ചു (105) വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ മുപ്പത്തിമൂന്നാമത്തെ (33) പുസ്തകമായ മീഖായുടെ പ്രവചനത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്കു പ്രാർത്ഥനയോടെ പ്രവേശിക്കാം.
വിഗ്രഹാരാധനയും അനുബന്ധ പാപങ്ങളും വടക്കേ ദേശമായ ശമര്യയും (1:6) തെക്കേദേശമായ യെരുശലേമും (1:5b,9,12) ഒരേപോലെ പിന്തുടരുന്ന പശ്ചാത്തലമാണ് പ്രവാചകശബ്ദം മുഴങ്ങുവാൻ കാരണമായത്. യഹോവയായ ദൈവം ജനത്തിനു വിരോധമായി നിലകൊള്ളുന്നതിന്റെ അപകട പരിസരമാണ് ഈ അദ്ധ്യായത്തിന്റെ കാര്യസാരമായ വായനയെന്നു സംഗ്രഹിക്കാം. ശമര്യ ബി സി 722 ലും യെരുശലേം ബി സി 701 ലും അശൂരിനാൽ പിടിയ്ക്കപ്പെട്ടു (2 രാജാ. 18:13-16); മാത്രമല്ല, ബി സി 605 ൽ വീണ്ടും ബാബേലിനാലും പിടിയ്ക്കപ്പെട്ടു പ്രവാസത്തിലേക്കു പോകേണ്ടതായി വന്നു. ഈ ദുരന്തങ്ങളുടെ ദൃശ്യങ്ങൾ പ്രവചനാത്മാവിൽ ദർശിച്ച പ്രവാചകൻ ചെരിപ്പില്ലാത്തവനും നഗ്നനുമായി നടന്നു, കുറുനരികളെപ്പോലെ വിലപിച്ചു, ഒട്ടകപ്പക്ഷികളെപ്പോലെ കരയുകയും മുറയിടുകയും (1:9) ചെയ്യുന്നു.
പ്രിയരേ, പ്രമാണലംഘനമെന്ന പ്രമേയത്തിൽ സമരസപ്പെടുന്ന യെരുശലേമും ശമര്യയും ചൂണ്ടുപലകയായി നമുക്കു മുമ്പിൽ നാട്ടപ്പെട്ടിരിക്കുന്നെന്നു കുറിച്ചാൽ ആശയം വ്യക്തമാകുമല്ലോ! സ്വാഭാവികമായും ന്യായവിധിയും, സമാനവും സമാന്തരവും ആയിരിക്കുമല്ലോ! നിയമിച്ചു കിട്ടിയിരിക്കുന്ന ദൈവിക പ്രമാണങ്ങളിൽ അടിയുറച്ചു നിലകൊള്ളുന്നവർക്കു പ്രതിഫലവും നന്മകളും ഉറപ്പാക്കപ്പെട്ടിട്ടുമുണ്ട്!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.