പ്രതിദിന ചിന്ത | വ്യാജപ്രസംഗങ്ങളുടെ നിഷ്ഫലത

0

മീഖാ. 2:7 “യാക്കോബ്ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുൻകോപിയോ? അങ്ങനെയോ അവന്റെ പ്രവൃത്തികൾ? നേരായി നടക്കുന്നവന്നു എന്റെ വചനങ്ങൾ ഗണകരമല്ലയോ?”

ന്യായവിധിയ്ക്കു കാരണമായ യിസ്രായേലിനെതിരായ കുറ്റപത്രം (2:1-5), പ്രസംഗക്കാരോടുള്ള ജനത്തിന്റെ മനോഭാവം (2:6-11), യാക്കോബ് ഗൃഹത്തിന്റെ യഥാസ്ഥാപനം വാഗ്ദത്തം ചെയ്യപ്പെടുന്നു (2:12-13) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

അടുത്ത പ്രഭാതത്തിൽ ചെയ്യേണ്ടുന്ന നീതികേടുകളും തിന്മകളും കിടക്കമേൽ ആസൂത്രണം ചെയ്യുന്ന “പ്രാപ്തിയുള്ളവർ” (2:1) അഥവാ ധനവാന്മാരുടെ മനോഭാവങ്ങളും ചെയ്തികളുമാണ് ഈ അദ്ധ്യായത്തിലെ കാര്യസാരമായ വായനകളിലൊന്ന്. “പ്രസംഗിക്കരുതെന്നു അവർ പ്രസംഗിക്കുന്നു” (2:6), “യഹോവ മുൻകോപിയാകുന്നു” (2:7b), കാറ്റിനെയും വ്യാജത്തെയും പിന്തുടരുന്ന മദ്യപാനത്തിന്റെ പ്രസംഗകരെ പിന്തുണയ്ക്കുന്നു (2:11) എന്നീ പ്രസ്താവനകളിൽ ജനത്തിന്റെ മനോഭാവം വ്യക്തമാകുന്നല്ലോ! തിരുത്തപ്പെടേണ്ട സംഗതികൾ വസ്തുതാപരമായി ചൂണ്ടിക്കാണിക്കുന്ന പ്രവാചകന്മാരിൽ യിസ്രായേലിന്നു അപ്രീതി ജനിച്ചിരിക്കുന്നു. യഹോവയായ ദൈവത്തെ മുൻകോപിയും പരുക്കനുമായ ഒരു വ്യക്തിത്വമായി ചിത്രീകരിച്ചു ജനസമ്പർക്കത്തിൽ നിന്നും മാറ്റി നിർത്തുവാനുള്ള പ്രമാണിമാരുടെ ശ്രമം (2:7) ഇവിടെ തുറന്നു കാട്ടുന്നു. “നേരായി നടക്കുന്നവന് എന്റെ വചനങ്ങൾ ഗുണകരമല്ലയോ?” (2:7d) എന്ന പ്രവാചകന്റെ ചോദ്യം അത്തരമൊരു ചൂണ്ടിക്കാട്ടലായി കരുതുന്നതാണെനിക്കിഷ്ടം! ഇത്തരക്കാരുടെ വിശേഷത, വ്യാജത്തിലൂന്നിയുള്ള പ്രസംഗമാണ്. “കാറ്റിനെയും വ്യാജത്തെയും പിൻചെല്ലുന്ന” പ്രസംഗകർ, ജനത്തിനു കൊടുക്കുന്നത് അവരുടെ പാപത്തിൽ അധികം ആമഗ്നരാകുവാനുള്ള ധാർമ്മിക പിന്തുണയാണ്. അതായത്, വീഞ്ഞു കുടിയ്ക്കുവാനും മദ്യപാനത്തിൽ മത്തരാകുവാനും അവരെ പ്രേരിപ്പിക്കുന്നു യിസ്രായേലിന്റെ പ്രവാചകന്മാർ. അതിനാൽ ഉളവാകുന്ന അധാർമ്മികതയും അനാത്മീകതയും പരിഗണനാർഹം പോലുമല്ല പോൽ!

പ്രിയരേ, സത്യം തെറ്റി നടക്കുന്നവരുടെ വ്യാജപ്രസംഗങ്ങൾ ചൂടപ്പം പോലെ വിറ്റഴിയും! അതേസമയം അനുതാപവും മാനസാന്തരവും ഉളവാക്കുന്ന പ്രസംഗകർ പലപ്പോഴും അരങ്ങത്തെത്തുവാൻ പോലും സാധിക്കാതെ തിരശ്ശീലകൾക്കു പിന്നിൽ മറഞ്ഞു പോകുന്നില്ലേ! എങ്കിലും വ്യാജത്തിന്റെ അടച്ചുവയ്ക്കലുകൾക്കു വചനത്തിന്റെ ശബ്ദം ഇല്ലായ്മയാക്കുവാൻ സാധിക്കുമെന്നോ? ഒരുനാളുമില്ല!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like