പ്രതിദിന ചിന്ത | അപചയങ്ങളുടെ കുറ്റപത്രം

0

മീഖാ. 3:1 “എന്നാൽ ഞാൻ പറഞ്ഞതു: യാക്കോബിന്റെ തലവന്മാരും യിസ്രായേൽഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, കേൾപ്പിൻ! ന്യായം അറിയുന്നതു നിങ്ങൾക്കു വിഹിതമല്ലയോ?”

യിസ്രായേലിലെ ഭരണാധികാരികൾക്കെതിരായ കുറ്റപത്രം (3:1-4), കള്ളപ്രവാചകന്മാർക്കെതിരെയുള്ള കുറ്റപത്രം (3:5-8), യിസ്രായേൽ ഗൃഹത്തിനെതിരായായ കുറ്റപത്രം (3:9-12) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

ഒരു കോടതി മുറിയിൽ കുറ്റവാളിയെ കുറ്റപത്രം വായിച്ചു ബോധിപ്പിക്കുന്ന രംഗമായി ഈ അദ്ധ്യായത്തെ പഠിയ്ക്കുന്നതാണെനിക്കിഷ്ടം! യിസ്രായേലിന്റെ ഭരണാധികാരികളും കള്ളപ്രവാചകന്മാരും യിസ്രായേൽഗൃഹം മുഴുവനും പ്രതിക്കൂട്ടിൽ നിർത്തപ്പെട്ടിരിക്കുന്നു. ഭരണനൈപുണ്യത്തോടെ ജനത്തെ നീതിയുടെ അടിസ്ഥാനത്തിൽ ഭരിക്കുവാൻ കടപ്പെട്ട അധികാരികൾ ദൗത്യം മറന്നു ജനത്തെ കേവലം ഇരകളാക്കി അവരുടെ മാംസം ഭക്ഷിക്കുന്നു. ദൈവിക അരുളപ്പാടുകളുടെ കാവൽക്കാരായി നിയോഗിക്കപ്പെട്ടിട്ടുള്ള പ്രവാചകന്മാരാകട്ടെ, “പല്ലിനു കടിയ്ക്കുവാനുള്ള” വസ്തുക്കളുടെ ലഭ്യത അനുസരിച്ചു പ്രവചിക്കുന്നു. തലവന്മാർ സമ്മാനം വാങ്ങിയും പുരോഹിതന്മാർ കൂലി വാങ്ങിയും പ്രവാചകന്മാർ പണം വാങ്ങിയും പ്രവചിക്കുന്നു. ഇങ്ങനെ ആപാദചൂഡം അധഃപതനത്തിന്റെ നാൾവഴികളിലൂടെയുള്ള സഞ്ചാരം നടത്തുന്നു യിസ്രായേൽ. ഈ പശ്ചാത്തലം അനിവാര്യമാക്കിയ ന്യായവിധിയുടെ പ്രഖ്യാപനം മീഖാ പ്രവാചകൻ അതാതു സമൂഹത്തോട് കൃത്യമായി അറിയിക്കുന്നു. ദേശത്തിന്റെ ആത്മീകവും ഭൗതികവുമായ മേഖലകൾ കാര്യമായി ബാധിക്കപ്പെട്ടിരിക്കുന്നു. തിരിച്ചുവരവിന്റെ സന്ദേശങ്ങൾ ജലരേഖപോലെ നാസ്തിയായി ഭവിച്ചിരിക്കുന്നു. “ന്യായം അറിയുന്നത് നിങ്ങൾക്ക് വിഹിതമല്ലയോ?” (3:1b) എന്ന പ്രവാചകന്റെ ചോദ്യം അപചയം ഏറ്റുവാങ്ങിയ ഒരു രാഷ്ട്രീയ ഭരണസംവിധാനത്തിന്റെയും ജീർണ്ണതയിൽ ആസകലം ആമഗ്നമായ ഒരു ആത്മീക നേതൃത്വത്തിന്റെയും ചങ്കിനു നേരെ വലിച്ചെറിഞ്ഞ ചാട്ടുളിയായി കരുതുന്നതിൽ തെറ്റുണ്ടോ! ദൈവം മുഖം മറച്ചുകളയത്തക്കവണ്ണം ജനത്തിന്റെ അതിക്രമങ്ങൾ അധികരിച്ചിരിക്കുന്നു എന്ന ബോധ്യം ജനഹൃദയങ്ങളിൽ ഉളവാക്കുക അത്ര ആയാസമല്ലെന്ന വസ്തുത പ്രവാചകവാക്കുകളുടെ സംഗ്രഹമായി ചൂണ്ടിക്കാണിക്കുവാനാണ് പ്രേരണ!

പ്രിയരേ, ദൗത്യനിർവ്വഹണം മറക്കുന്നത് ആത്മീകമോ ഭൗതികമോ ആയ മേഖലകളിലാകട്ടെ, അപകടകരമായ പരിസരങ്ങൾ ഉളവാക്കും; തീർച്ച. അത്തരം പശ്ചാത്തലങ്ങളുടെ വിരൽചൂണ്ടൽ ക്രിയാത്മകമായ പ്രതികരണത്തിലൂടെ തിരിച്ചറിയുന്നതാണ് ശരിയായ മാനസാന്തരം. മാനസാന്തരത്താൽ തിരുത്തപ്പെടാത്ത സ്കലിതങ്ങൾ ഇല്ലെന്നുള്ളതും പ്രതീക്ഷാനിർഭരമായ വസ്തുതയായി തിരുവെഴുത്തുകൾ അടിവരയിടുന്നുണ്ട്!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like