പ്രതിദിന ചിന്ത | ഗിരിപ്രഭാഷണത്തിന്റെ ചില അന്തർദർശനങ്ങൾ

0

മത്തായി 5:48 “ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”

ദൈവരാജ്യത്തിലെ ഭാഗ്യവാന്മാർ (5:1-16), വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒഴിഞ്ഞുപോകാത്ത ന്യായപ്രമാണം (5:17-20), കൊലപാതകം സംബന്ധിച്ച നവീകരിക്കപ്പെട്ട നിയമം (5:21-22), അനുരഞ്ജനം സംബന്ധിച്ച നിയമം (5:23-26), വ്യഭിചാരം സംബന്ധിച്ച നവീകരിക്കപ്പെട്ട നിയമം (5:27-30), വിവാഹമോചനം സംബന്ധിച്ച നവീകരിക്കപ്പെട്ട നിയമം (5:31-32), ശപഥം സംബന്ധിച്ച നവീകരിക്കപ്പെട്ട നിയമം (5:33-37), പകരത്തിനു പകരം അരുതെന്ന കൽപ്പന (5:38-42), സ്നേഹം സംബന്ധിച്ച പുതിയ നിയമം (5:43-48) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

സർവ്വലൗകികമായി പ്രശംസിക്കപ്പെടുന്ന യേശുവിന്റെ ഗിരിപ്രഭാഷണത്തിന്റെ ആരംഭമാണ് ഈ അദ്ധ്യായം. അഞ്ചാം അദ്ധ്യായത്തിൽ പുരുഷാരത്തെ കണ്ടപ്പോൾ മലമേൽ കയറിയ യേശു (5:1), മലയിൽ നിന്നിറങ്ങുന്നതു വരെ (8:1) അഞ്ചു, ആറ്, ഏഴു അദ്ധ്യായങ്ങളിൽ നടത്തിയ കാതലായ പഠിപ്പിക്കലാണ് ഗിരിപ്രഭാഷണം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്. സുവിശേഷകനായ മത്തായി അടയാളപ്പെടുത്തിയിട്ടുള്ള യേശുവിന്റെ സുദീർഘമായ പ്രഭാഷണങ്ങളിലൊന്നാണിത്. മറ്റു സുദീർഘ പ്രഭാഷങ്ങൾ 9:35-10:42; 13:1-52; 17:24-18:35; 23:1-25:46 എന്നീ തിരുവെഴുത്തുകളിൽ അടയാളപ്പെടുത്തിയിരിക്കുന്നു. ദൈവരാജ്യ പ്രവേശനത്തിന് മാനസാന്തരപ്പെടുക (3:2; 4:17) എന്ന പ്രമേയത്തിന്റെ സമഗ്രമായ വിശകലനമായി യേശുവിന്റെ ഈ പ്രഭാഷണത്തെ പഠിയ്ക്കുന്നതാണെനിക്കിഷ്ടം! മാത്രമല്ല ന്യായപ്രമാണത്തിന്റെ ആന്തരിക സത്തയുടെ വിശാല വീക്ഷണം (5:17; 21-22; 27-28) അവതരിപ്പിച്ചുകൊണ്ട് പുതിയ നിയമ കാലത്തു ജീവിക്കുന്ന ദൈവമക്കൾക്കുള്ള ഒരു പുതിയ ജീവിതശൈലിയുടെ പ്രഖ്യാപനവും കൂടെ ഈ ഭാഗത്തിന്റെ ഉന്നമാണ്. ഒമ്പതോളം ഭാഗ്യവർണ്ണനകൾ പ്രസ്താവിച്ചതിലൂടെ ഒരു ക്രിസ്താനുഗാമിയുടെ ആന്തരിക ഗുണങ്ങൾ എന്തായിരിക്കണമെന്ന ദൈവിക പ്രതീക്ഷ വെളിപ്പെടുത്തുന്നു. നീതിയുടെ വക്താക്കളായി സ്വയം മതിക്കുന്ന പരീശപക്ഷത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന താരതമ്യങ്ങളും ഗിരിപ്രഭാഷണത്തിന്റെ കാതൽ പ്രമേയങ്ങളിൽ പെടുന്നു. ഉപ്പു, വെളിച്ചം എന്നിവയുമായി ക്രിസ്താനുഗാമികളെ തുലനം ചെയ്യുന്ന യേശുവിന്റെ പരിശീലന പാഠ്യക്രമം സമാനതകളില്ലാത്ത ദാർശനിക ഭാവമായി അടയാളപ്പെടുത്താം. ചുരുക്കത്തിൽ ലോകത്തിന്റെ നെറുകയിൽ ഇത്രത്തോളം പ്രസക്തി സ്ഥാപിക്കപ്പെട്ട മറ്റൊരു പ്രമേയം ഇല്ലെന്നു കുറിച്ചാൽ തെറ്റല്ല തന്നേ!

പ്രിയരേ, ദൈവരാജ്യത്തിന്റെ പ്രജകളിൽ രാജാവ് പുലർത്തുന്ന ജീവിതശൈലിയുടെ പ്രതീക്ഷ നാം തിരിച്ചറിയണം. സ്വർഗ്ഗരാജ്യ പ്രവേശനം ലക്ഷ്യമായി എണ്ണുമ്പോൾ ജീവിതശൈലിയുടെ നവീകരണം സ്വാഭാവികമായി ഉളവാകും. ഭൂമിയുടെ ഉപ്പും ലോകത്തിന്റെ വെളിച്ചവുമായി തീരുന്ന ദൈവകുഞ്ഞുങ്ങളാണ് ലോകത്തിന്റെ പ്രതീക്ഷയെന്നു കുറിയ്ക്കുവാനാണ് പ്രേരണ!

ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.

You might also like