പള്ളിയിൽ കുർബാനക്കിടെ തിരുവോസ്തി സ്വീകരിച്ച ഇതര മതസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തു

0

കൊച്ചി: മാധവഫാർമസി ജംഗ്ഷന് സമീപമുള്ള കണ്ണംകുന്നത്ത് ആശ്രമദേവാലയത്തിൽ കയറി, കുർബാനയ്ക്കിടെ തിരുവോസ്തി സ്വീകരിച്ച ഇതര മതസ്ഥരായ നാല് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. മലപ്പുറം സ്വദേശികളായ യുവാക്കളെയാണ് എറണാകുളം സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് മറൈൻഡ്രൈവ് കാണാനെത്തിയ യുവാക്കൾ പള്ളിയിൽ കുർബാന സമയത്ത് അകത്ത് കയറുകയും തിരുവോസ്തി സ്വീകരിക്കുകയും ചെയ്തു. പള്ളിയിലുള്ളവർക്ക് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇതര മതവിഭാഗത്തിൽപ്പെട്ടവരാണെന്ന് മനസിലായത്.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാലു പേരെയും പള്ളിയിലുള്ളവർ തടഞ്ഞുവച്ചു. തുടർന്ന് എറണാകുളം സെൻട്രൽ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പള്ളിയിൽ കുർബാന കണ്ട് കൗതുകം കൊണ്ട് കയറിയതാണെന്നാണ് യുവാക്കൾ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ വിശദമായ പരിശോധനയ്ക്കു ശേഷമേ കേസ് രജിസ്റ്റർ ചെയ്യുകയുള്ളൂവെന്ന് സെൻട്രൽ സിഐ വിജയശങ്കർ അറിയിച്ചു.

You might also like