ഉപവാസ കൂട്ടമരണത്തിനു ആഹ്വാനം ചെയ്ത പ്രതികളില്‍ ഒരാള്‍ ഉപവാസം എടുത്തു മരിച്ചു
നെയ്റോബി: യേശുക്രിസ്തുവിനോടു ചേരുവാന്‍ ഉപവാസം എടുത്തു മരിക്കണമെന്ന് ഉപദേശം നല്‍കിയ കെനിയന്‍ ദുരുപദേശ സഭയിലെ നേതാക്കളിലൊരാള്‍ ജയിലില്‍ ഉപവാസം എടുത്തു മരണത്തെ പൂകി.
തെക്കു കിഴക്കന്‍ കെനിയയില്‍ സ്ഥിതി ചെയ്യുന്ന ഷക്കഹോല വനത്തില്‍ കൂട്ട ഉപവാസം അനുഷ്ഠിച്ച് മരണം വരിച്ച അനുയായികളുടെ സംസ്ക്കാരത്തിനു മേല്‍നോട്ടം വഹിച്ചതും ആളുകളുടെ മരണങ്ങള്‍ സംഭവിക്കാന്‍ മേല്‍നോട്ടം വഹിച്ചതുമായ ജോസഫ് ബുയുക്കയാണ് കഴിഞ്ഞ ദിവസം ജയിലില്‍ 10 ദിവസം ആഹാരവും വെള്ളവും കുടിക്കാതെ ഉപവാസം ഇരുന്നു മരിച്ചത്.
തുറമുഖ നഗരമായ മൊംബുസയില്‍ നിന്ന് ഏകദേശം 72 മൈല്‍ ദൂരമുള്ള മാലിണ്ടിയിലെ ഒരു ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ജയിലില്‍ ഉപവാസം അനുഷ്ഠിച്ചതുമൂലം പട്ടിണിയും കടുത്ത ആരോഗ്യ പ്രശ്നങ്ങളും നേരിട്ടപ്പോള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് സീനിയര്‍ പ്രൊസിക്യൂട്ടര്‍ ജുമി യാമിന മാധ്യമങ്ങളെ അറിയിച്ചു.
ദുരുപദേശക സഭയായ ന്യൂ ലൈഫ് പ്രെയര്‍ സെന്റര്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്റര്‍ പോള്‍ മക്കെന്‍സിയും സഹായികളുമായ 28 പേര്‍ക്കും ഒപ്പം കുറ്റാരോപിതനായി ബുയുക്ക ജിയിലില്‍ കഴിഞ്ഞു വരികയായിരുന്നു. ഈ സഭയിലെ വിശ്വാസികളെ ഇവര്‍ തെറ്റായ പഠിപ്പിക്കലുകളിലൂടെയാണ് നയിച്ചു വന്നത്.
യേശുക്രിസ്തുവിന്റെ മടങ്ങി വരവ് അടുത്തുവെന്നും ക്രിസ്തുവിനോടു ചേരുവാന്‍ കഠിന ഉപവാസം എടുക്കണമെന്നും ഇവര്‍ ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം പേരും ആഹാരവും വെള്ളവും ഉപേക്ഷിച്ച് വനത്തില്‍ ഉപവാസത്തിലായിരുന്നു.അപ്രകാരം പട്ടിണി കിടന്നു ഏകദേശം 237 പേര്‍ മരിച്ചതായാണ് കണക്കുകള്‍ .
ഭൂരിപക്ഷം പേരുടെയും കുഴിമാടങ്ങളും കണ്ടെത്തിയിരുന്നു.
കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാതെയും നിര്‍ബന്ധിച്ചു പട്ടിണിക്കിട്ടും മരണത്തിനു വഴിയൊരുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ . മറ്റു ചില പ്രതികള്‍ക്കും സമാനമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .
ലോകാവസാനത്തിനു മുമ്പ് മരിച്ചവര്‍ സ്വര്‍ഗ്ഗത്തിലെത്തുമെന്നാണ് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം പുറത്തറിഞ്ഞു തുടങ്ങിയത്.