പെന്തെക്കൊസ്ത് മിഷൻ (എൻ.ടി.സി) രാജ്യാന്തര കൺവൻഷൻ പെൻസൽവേനിയിൽ ആരംഭിച്ചു
പെൻസൽവേനിയ: പരിശുദ്ധാത്മാവിൻ്റെ അഭിഷേകത്തോടെ ശുശ്രൂഷ ചെയ്ത യേശു ക്രിസ്തുവാണ് നമ്മുടെ ജീവിതത്തിൻ്റെയും ശുശ്രൂഷയുടെയും പരമോന്നത മാതൃകയെന്ന് പാസ്റ്റർ ഐഡാവേ ലീ പ്രസ്താവിച്ചു .
ലോകത്തിൽ 65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ രാജ്യാന്തര കൺവൻഷനായ ‘ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് ” കൺവൻഷൻ്റെ പ്രാരംഭദിന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോർദ്ധാൻ നദിയുടെ സ്നാന സമയത്ത് പിതാവിൽ നിന്നും ലഭിച്ച പരിശുദ്ധാത്മാഭിഷേകത്തിൻ്റെ നിറവിൽ ആയിരുന്നു അവിടുന്ന് ജീവിച്ചതും പ്രവർത്തിച്ചതും. പരിശുദ്ധാത്മാവിൻ്റെ ശക്തി കൂടാതെ വിശ്വാസികൾക്ക് വിജയകരമായ ജീവിതം നയിക്കാൻ സാധ്യമല്ല എന്നും അദ്ദേഹം പറഞ്ഞു.
പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റിയിലെ കൺവൻഷൻ സെന്ററിൽ വ്യാഴം – വെള്ളി ദിവസങ്ങളിൽ രാവിലെ 10ന് പൊതുയോഗം ഉച്ചയ്ക്ക് 2 മുതൽ 4 വരെ യുവജന സെമിനാർ ,കുട്ടികൾക്കായുള്ള സെമിനാർ , ശനിയാഴ്ച രാവിലെ 10ന് പൊതുയോഗവും ഉച്ചയ്ക്ക് 2 മുതൽ 4 വരെ ഉപവാസ പ്രാർഥനയും ദിവസവും വൈകിട്ട് 7ന് ഗാനശുശ്രൂഷ സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.
യുഎസ്, കാനഡ, മെക്സിക്കോ തുടങ്ങി വിവിധയിടങ്ങളിൽ നിന്നും ഇന്ത്യാ ,ഗൾഫ് ,ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തൊളം ശുശ്രൂഷകരും വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്. സഭയുടെ ചീഫ് പാസ്റ്റർ, പ്രധാന ശുശ്രൂഷകർ എന്നിവർ തുടർ ദിവസങ്ങളിൽ പ്രസംഗിക്കും. സമാപന ദിവസമായ ജൂലെ 9 ഞായറാഴ്ച രാവിലെ ഒൻപതിന് ന്യൂയാർക്ക്, ചിക്കാഗോ ,ഡാളസ്, ഹൂസ്റ്റൻ, ഒർലാന്റോ, ഒക്കലഹോമ ,വാഷിംഗ്ടൺ, കാനഡ, മെക്സിക്കോ തുടങ്ങി അമേരിക്കയിലെ 40 പ്രാദേശിക സഭകളിലെ നൂറിലധികം ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭാ ആരാധനയോടെ കൺവൻഷൻ സമാപിക്കും.
ന്യൂജേഴ്സി ന്യൂയാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോർത്ത്, സൗത്ത് അമേരിക്ക, ആഫ്രിക്ക, പാപാനൂഗിനിയ തുടങ്ങിയ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ടെസ്റ്റ്മെൻറ് ചർച്ചിന്റെ മുഖ്യ ചുമതല വഹിക്കുന്ന പാസ്റ്റർ.ഗ്രെഗ് വിൽസണും സഹ ശുശ്രൂഷകരും രാജ്യാന്തര കൺവൻഷന് നേതൃത്വം നൽകുന്നു.
അപ്പൊസ്തലിക പ്രതിഷ്ഠയും വിശ്വാസ ജീവിതവുമായി തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ജനിച്ച രാമൻകുട്ടി എന്ന പാസ്റ്റർ പോൾ 1924ൽ ശ്രീലങ്കയിൽ സിലോൺ പെന്തെക്കോസ്ത് മിഷൻ എന്ന പേരിൽ സ്ഥാപിച്ച സഭയാണ് ഇന്ന് അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് എന്ന പേരിൽ അറിയപ്പെടുന്നത്. പെന്തെക്കോസ്ത് മിഷൻ സഭ വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്.
ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ,, ഡപ്യൂട്ടി ചീഫ് പാസ്റ്റർ.എം.ടി.തോമസ് , അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരാണ് സഭയെ നയിക്കുന്നത്. സഭയുടെ കേരളത്തിലെ ആസ്ഥാന മന്ദിരം കൊട്ടാരക്കരയിലും ഇന്ത്യയിൽ ചെന്നൈ ഇരുമ്പല്ലിയൂരിലും ശ്രീലങ്കയിൽ മട്ടകുളിയിലും അമേരിക്കയിൽ ന്യൂയാർക്കിലുമാണ്. സഭയുടെ രാജ്യാന്തര കൺവൻഷൻ നടക്കുന്നതും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്നതും ഇവിടങ്ങളിലാണ് .