ക്രൈസ്തവർ ഒറ്റപ്പെട്ടവരല്ല, ഒരു സമൂഹമാണ്: കർദ്ദിനാൾ പരോളിൻ

0

ജ്ഞാനസ്നാനം സ്വീകരിച്ച ഒരു വ്യക്തിയോ ഒരു ക്രൈസ്തവസമൂഹമോ, അവർ എത്ര അകലങ്ങളിലാണെങ്കിലും ഒറ്റയ്ക്കല്ലെന്നും, ഒരു കുടുംബവും ഒരു ശരീരവുമായ സഭയുടെ ഭാഗമാണെന്നും കർദ്ദിനാൾ പിയെത്രോ പരോളിൻ. തെക്കൻ സുഡാനിൽ ഓഗസ്റ്റ് 14 മുതൽ ആരംഭിച്ച ചതുർദിനസന്ദർശനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15 ചൊവ്വാഴ്ച, മാലാക്കൽ രൂപതയിലെ വിശുദ്ധ യൗസേപ്പിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ ബലിമധ്യേ നൽകിയ വചനപ്രഘോഷണത്തിലാണ് ക്രിസ്തു ശിരസ്സായ സഭയുടെ അംഗങ്ങളാണ് നാമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഓർമ്മിപ്പിച്ചത്. സഭയിൽ സഹനങ്ങളിലൂടെ കടന്നുപോകുന്ന ഒരു അംഗത്തിന് മറ്റുള്ളവരുടെ ശ്രദ്ധയും പരിചരണവും സ്നേഹവും ലഭിക്കാൻ കൂടുതൽ അവകാശമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഫ്രാൻസിസ് പാപ്പാ സുഡാനിലേക്ക് ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ അപ്പസ്തോലികയാത്രയെ പരാമർശിച്ച കർദ്ദിനാൾ പരോളിൻ, തെക്കൻസുഡാനിലെ ജനതയുടെ ബുദ്ധിമുട്ടുകളും മുറിവുകളും, അതേസമയം അതിന്റെ പ്രതീക്ഷകളും ആഗ്രഹങ്ങളും പരിശുദ്ധ പിതാവ് തന്റെ ഹൃദയത്തിൽ അനുസ്മരിക്കുന്നുണ്ടെന്ന് ഉറപ്പുനൽകി. തന്റെ ആത്മീയസാമീപ്യം സുഡാനിലെ ജനതയ്ക്ക് ഉറപ്പുനൽകാനും, തന്റെ അനുഗ്രഹങ്ങൾ നേരാനും പാപ്പാ ആവശ്യപ്പെട്ടുവെന്നും വത്തിക്കാൻ കാര്യദർശി കൂട്ടിച്ചേർത്തു.

ലോകത്ത് തിന്മയുടെ സാന്നിധ്യം നിലനിൽക്കുന്നുണ്ടെന്ന് തന്റെ പ്രഭാഷണമധ്യേ ഓർമ്മിപ്പിച്ച കർദ്ദിനാൾ പരോളിൻ, ഉക്രൈനെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ചും, സുഡാനിലും, ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മറ്റു വിവിധ ഭാഗങ്ങളിലും ഇപ്പോഴും തുടരുന്ന സംഘർഷങ്ങളിലേക്കും വിരൽ ചൂണ്ടി. ഒപ്പം, തെക്കൻ സുഡാനിൽ നിലനിന്നിരുന്ന ആന്തരികസംഘർഷങ്ങളിലേക്കും, അതുളവാക്കിയ മുറിവുകളിലേക്കും പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.

You might also like