മിയാമി: യാത്രയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് പൈലറ്റ് വിമാനത്തില്‍ വെച്ച് മരിച്ചു. മിയാമിയില്‍ നിന്നും ചിലിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ലതാം എയര്‍ലൈന്‍സിന്റെ എല്‍എ 505 വിമാനത്തിലായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് കോപൈലറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി.
വിമാനത്തിൻ 271 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ ക്യാപ്റ്റനായിരുന്ന 56 വയസുകാരന്‍ ഇവാന്‍ ആന്‍ഡുറാണ് മരിച്ചത്. വിമാനം പുറപ്പെട്ട് മൂന്ന് മണിക്കൂർ കഴിഞ്ഞ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. പിന്നാലെ ബാത്ത്റൂമില്‍ കുഴഞ്ഞുവീണു. ജീവനക്കാര്‍ അടിയന്തിര ശുശ്രൂഷ നല്‍കാന്‍ ശ്രമിച്ചെങ്കിലും പൈലറ്റിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് വിമാനം പാനമ സിറ്റിയിലെ ടോകുമെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കി. ഡോക്ടര്‍മാര്‍ അടക്കം വിദഗ്ധ സംഘം വിമാനത്തിലെത്തിയെങ്കിലും പൈലറ്റ് അപ്പോഴേക്കും മരണപ്പെട്ടിരുന്നു. 25 വര്‍ഷത്തെ പരിചയമുള്ളയാളായിരുന്നു ഇവാന്‍ ആന്‍ഡുറെന്ന് പറയുന്നു.
അടിയന്തിര ശുശ്രൂഷ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. പൈലറ്റിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നുവെന്നും പൈലറ്റിന്റെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിരുന്നതായും വിമാനക്കമ്പനി അറിയിച്ചു.