സാംസ്കാരിക വൈവിധ്യ സമ്പന്നതയ്ക്ക് പേരുകേട്ട മാർസെയിൽ ഫ്രാൻസിസ് പാപ്പാ
മേഖലയിലെ വൈവിധ്യമാർന്ന ജനതകൾ, മതങ്ങൾ, സംസ്കാരങ്ങൾ എന്നിവ തമ്മിൽ ഐക്യം വളർത്താൻ ലക്ഷ്യമിട്ട് സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭമാണ് മെഡിറ്ററേനിയൻ മീറ്റിംഗ്. ഇന്നും നാളെയും നീളുന്ന ഈ ഹ്രസ്വ യാത്രയിൽ ഫ്രാൻസിസ് പാപ്പാ മെഡിറ്ററേനിയൻ മീറ്റിംഗുകളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. പാപ്പയുടെ യാത്രാവിവരണങ്ങൾ ഔദ്യോഗിക പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫ്രഞ്ച് പ്രധാനമന്ത്രി നൽകുന്ന സ്വീകരണത്തിനു ശേഷം നോത്ര ദാം ഡി-ലാ ഗാർഡെ ബസിലിക്കയിൽ പ്രാർത്ഥന നടത്തിക്കൊണ്ടാണ് സന്ദർശനം ആരംഭിക്കുന്നത്. അവിടെ ആദ്യം രൂപതയിലെ വൈദീകരോടൊപ്പവും പിന്നീടു നാവികർ, കുടിയേറ്റക്കാർ, അഭയാർഥികൾ എന്നിവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളിൽ നിന്നുള്ള പ്രൊഫഷണലുകളുമൊപ്പവും പാപ്പാ പ്രാർത്ഥിക്കും.
ശനിയാഴ്ച, ഫ്രാൻസിസ് പാപ്പാ മെഡിറ്ററേനിയൻ യോഗങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. വടക്കേ ആഫ്രിക്ക, മദ്ധ്യകിഴക്കൻ രാജ്യങ്ങൾ, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള മെത്രാന്മാരും യുവാക്കളും സമ്മേളനത്തിൽ ഒരുമിച്ചു വരും. മീറ്റിംഗിനു ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സ്വകാര്യ കൂടിക്കാഴ്ച നടക്കും. ഉച്ചയ്ക്ക് ശേഷം മാർസെയിലെ വെലോഡ്രോം സ്റ്റേഡിയത്തിൽ വിശുദ്ധബലി അർപ്പിക്കുകയും ചെയ്യും. പിന്നീട് മടക്കയാത്ര ആരംഭിക്കുന്ന പാപ്പാ ശനിയാഴ്ച രാത്രി 20.50 ന് റോമിൽ തിരിച്ചെത്തും.