കർദിനാളന്മാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ഫ്രാൻസിസ് പാപ്പാ
ദൈവിക വെളിപാടിന്റെ വ്യാഖ്യാനം,സ്വവർഗാനുരാഗികളുടെ ആശീർവാദം, സിനഡാലിറ്റിയെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ, സ്ത്രീകളുടെ പൗരോഹിത്യം, പാപമോചന കൂദാശയുടെ അടിസ്ഥാനമായ മാനസാന്തരം തുടങ്ങിയ വിഷയങ്ങളിലൂന്നിയ അഞ്ചു ചോദ്യങ്ങൾ കർദ്ദിനാൾമാരായ വാൾട്ടർ ബ്രാൻഡ്മുള്ളർ, റെയ്മണ്ട് ലിയോ ബുർക്ക്,ഹുവാൻ സാൻഡോവല് ഇനിഗെസ്, റോബർട്ട് സാറാ,ജോസഫ് സെൻ ക്യൂൻ എന്നിവർ കഴിഞ്ഞ ജൂലൈയിൽ ‘സന്ദേഹം’ dubia എന്നപേരിൽ ഫ്രാൻസിസ് പാപ്പായോട് ഉന്നയിക്കുകയുണ്ടായി.ഇവയ്ക്ക് ഏറെ നാളത്തെ പ്രാർത്ഥനയ്ക്കും, പരിചിന്തനത്തിനും ശേഷം ഫ്രാൻസിസ് പാപ്പാ മറുപടി നൽകി. പാപ്പായുടെ ഉത്തരങ്ങൾ ഒക്ടോബർ മാസം രണ്ടാം തീയതി വിശ്വാസതിരുസംഘത്തിന്റെ ഡിക്കസ്റ്ററിയാണ് പ്രസിദ്ധീകരിച്ചത്.
പ്രചാരത്തിലുള്ള സാംസ്കാരികവും നരവംശശാസ്ത്രപരവുമായ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ദൈവിക വെളിപാട് പുനർവ്യാഖ്യാനം ചെയ്യേണ്ടതുണ്ടോ? അതോ എന്നന്നേക്കും മാറ്റമില്ലാതെ തുടരേണ്ടതാണോ എന്നതായിരുന്നു ആദ്യ ചോദ്യം. മറുപടിയായി ഫ്രാൻസിസ് പാപ്പാ ‘പുനർവ്യാഖ്യാനം’ എന്ന പദത്തിന്റെ അർത്ഥവും വ്യാപ്തിയും എടുത്തു പറഞ്ഞു. പുനർവ്യാഖ്യാനം എന്നാൽ പഴയതിനെ പൂർണ്ണമായി ത്യജിക്കുക എന്നല്ല മറിച്ച് നല്കപ്പെട്ടതിനെ മികച്ച രീതിയിൽ വ്യാഖ്യാനിക്കുക എന്നാണെങ്കിൽ ആ പ്രയോഗം എപ്പോഴും സാധുവാണെന്ന് പാപ്പാ എടുത്തു പറഞ്ഞു.