കുറ്റപ്പെടുത്തലുകളിലും വേദനകളിലും ദൈവത്തിൽ ആശ്രയമർപ്പിക്കുക
“എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു, നീ എന്തിനു നെടുവീർപ്പിടുന്നു? ദൈവത്തിൽ പ്രത്യാശ വയ്ക്കുക; എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാൻ വീണ്ടും പുകഴ്ത്തും” എന്ന വാക്യത്തിൽ അവസാനിക്കുന്ന രണ്ടു ഭാഗങ്ങളായി നാൽപ്പത്തിരണ്ടാം സങ്കീർത്തനത്തെ നമുക്ക് തിരിക്കാം (സങ്കീ. 42, 5;11). തന്റെ ജീവിതത്തെ മുറിപ്പെടുത്തുന്ന അപഹാസങ്ങളുടെയും, ഹൃദയം മുറിയുന്ന വേദനയുടെയും മുന്നിൽ ദൈവത്തിനായി ദാഹിക്കുന്ന ഒരു വിശ്വാസിയുടെ ഹൃദയമാണ് സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് നാം കാണുക. “നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു. എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു. ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്ക് ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാൻ കഴിയുക! (സങ്കീ. 42, 1-2) എന്ന വാക്യങ്ങൾക്ക്, എത്രമാത്രം ആഗ്രഹത്തോടെയാണ് സങ്കീർത്തകൻ ദൈവത്തിനായി ദാഹിക്കുന്നത് എന്ന് വ്യക്തമാക്കാനാകുന്നുണ്ട്. കടുത്ത വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരുവൻ ഉള്ളിൽ അനുഭവിക്കുന്ന മരുഭൂമിയുടെ അനുഭവത്തെ, “നീർച്ചാൽ തേടുന്ന മാൻപേട” എന്ന വാക്കുകളിലൂടെ മനോഹരമായി വർണ്ണിക്കാൻ സങ്കീർത്തകന് സാധിക്കുന്നുണ്ട്. ദൈവത്തെ കാണുകയും അവന്റെ സാന്നിദ്ധ്യത്തിലായിരിക്കുകയും ചെയ്യുക എന്നത്, ആനന്ദദായകമായ ഒരു അനുഭവം എന്നതിനേക്കാൾ, ആത്മാവിന്റെ ശക്തമായ ഒരു ആവശ്യമാണെന്ന് അവൻ തിരിച്ചറിയുന്നു. ജീവനുള്ള ദൈവത്തിനായുള്ള ദാഹം ശമിപ്പിക്കാൻ ലോക സുഖങ്ങൾക്കോ സുരക്ഷിതത്വത്തിനോ ആകില്ല. ദൈവം സർവ്വവ്യാപിയാണ് എങ്കിലും അവന്റെ പ്രത്യേകമായ സാന്നിദ്ധ്യമുള്ള ദേവാലയത്തിലെത്തി, അവനു മുൻപിൽ ആയിരുന്നാൽ ഒരുവന്റെ ഹൃദയവ്യഥകൾ ശമിക്കുമെന്ന ഒരു ബോധ്യം കൂടിയാണ് സങ്കീർത്തകൻ ഇവിടെ പങ്കുവയ്ക്കുന്നത്. നന്മയിൽ ജീവിക്കുന്ന ഒരുവനാണ് ദൈവസാന്നിദ്ധ്യം കൂടുതലായി ഇഷ്ടപ്പെടാനാവുക.
മൂന്നും നാലും വാക്യങ്ങളിൽ മറ്റുള്ളവരുടെ പരിഹാസങ്ങളും, ദേവാലയത്തിൽ താൻ അനുഭവിച്ച ആനന്ദത്തിന്റെ ഓർമ്മയും, ഇപ്പോൾ താൻ അവിടെനിന്ന് അകലെയാണെന്ന തിരിച്ചറിവും സങ്കീർത്തകന്റെ ഹൃദയത്തിലുളവാക്കുന്ന വേദന നമുക്ക് കാണാം. “രാപകൽ കണ്ണീർ എന്റെ ഭക്ഷണമായി” (സങ്കീ. 42, 3) എന്ന വാക്കുകളിൽ, തന്റെ ശത്രുക്കളുടെ കളിയാക്കലുകളും, ദൈവസന്നിധിയിൽനിന്ന് താൻ അകലെയാണെന്ന ചിന്തയും അവനെ തളർത്തുന്നത് നാം തിരിച്ചറിയുന്നുണ്ട്. ആഹ്ളാദാരവങ്ങളും കൃതജ്ഞതാഗീതങ്ങളും ഉയർത്തി, ആർത്തുല്ലസിച്ച് ദൈവസന്നിധിയിലേക്ക് നടത്തിയ യാത്രകൾ ആത്മാവിനു നൽകിയിരുന്ന സന്തോഷം ഇന്ന് അവനു നഷ്ടമായിരിക്കുന്നു. എന്നാൽ നിരാശയിൽ തുടരാതെ, ദൈവത്തിൽ പ്രത്യാശയർപ്പിക്കാൻ തന്നെത്തന്നെ ബോധ്യപ്പെടുത്താൻ അവനു സാധിക്കുന്നുണ്ടെന്ന് അഞ്ചാം വാക്യം നമുക്ക് കാട്ടിത്തരുന്നുണ്ട്. തന്റെ ദൈവത്തെ വീണ്ടും പുകഴ്ത്തുവാൻ തനിക്ക് അവസരം ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസം അവനിൽ ആശ്വാസം നിറയ്ക്കുന്നുണ്ട്.