അമേരിക്കയുടെ പരമോന്നത ശാസ്ത്ര ബഹുമതി സ്വന്തമാക്കി ഇന്ത്യൻ വംശജരായ ശാസ്ത്രജ്ഞർ.

0

വാഷിങ്ടണ്‍ : അമേരിക്കയുടെ പരമോന്നത ശാസ്ത്ര ബഹുമതി സ്വന്തമാക്കി ഇന്ത്യൻ വംശജരായ ശാസ്ത്രജ്ഞർ. തമിഴ്‌നാട്ടിൽ ജനിച്ച ശാസ്ത്രജ്ഞനായ സുബ്ര സുരേഷും മുംബൈയിൽ നിന്നുള്ള ശാസ്ത്രജ്ഞൻ അശോക് ഗാഡ്‌ഗിലുമാണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനിൽ (Joe Biden) നിന്ന് പുരസ്‌കാരം സ്വീകരിച്ചത് (Ashok Gadgil And Subra Suresh- Two Indian Scientits Awarded Highest Scientific Honour Of USA). നാഷണൽ മെഡൽ ഓഫ് സയൻസ് (National Medal of Science) ആണ് ഡോ. സുബ്ര സുരേഷിന് ലഭിച്ചത്. അശോക് ഗാഡ്‌ഗിലിന് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷൻ ദേശീയ മെഡലാണ് (National Medal for Technology and Innovation) ലഭിച്ചത്.

ചൊവ്വാഴ്‌ച വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് പ്രസിഡന്‍റ് ബൈഡൻ മെഡലുകൾ സമ്മാനിച്ചത്. അമേരിക്കയിലെ മുൻനിര ശാസ്ത്രജ്ഞർക്ക് നൽകുന്ന അവാർഡുകളാണിവ. അമേരിക്കയുടെ മത്സരക്ഷമതയ്ക്കും ജീവിത നിലവാരത്തിനും ശാശ്വതമായ സംഭാവനകൾ നൽകുകയും രാജ്യത്തിന്‍റെ സാങ്കേതിക-തൊഴിൽ ശക്തിയെ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്‌തവരെ അംഗീകരിക്കുക എന്നതാണ് അവാർഡിന്‍റെ ഉദ്ദേശ്യലക്ഷ്യം.

എഞ്ചിനീയറിങ്, ഫിസിക്കൽ സയൻസ്, ലൈഫ് സയൻസ് എന്നിവയിലുടനീളമുള്ള ഗവേഷണത്തിനും വിശിഷ്യാ മെറ്റീരിയൽ സയൻസിനെപ്പറ്റിയുള്ള പഠനവും മറ്റ് വിഷയങ്ങളിലേക്കുള്ള അതിന്‍റെ പ്രയോഗം മെച്ചപ്പെടുത്തലിനുമാണ് സുബ്ര സുരേഷിന് മെഡൽ ലഭിച്ചത്. അതേസമയം ലോകമെമ്പാടുമുള്ള സമൂഹങ്ങൾക്ക് ജീവൻ നിലനിർത്താനുള്ള വിഭവങ്ങൾ നൽകിയതിനാണ് ഗാഡ്‌ഗിലിന് മെഡൽ സമ്മാനിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അദ്ദേഹത്തിന്‍റെ നൂതനവും ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യകൾ കുടിവെള്ളം മുതൽ ഇന്ധനക്ഷമതയുള്ള പാചക സ്റ്റൗകൾ വരെയുള്ള വൈവിധ്യം നിറഞ്ഞ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. എല്ലാ മനുഷ്യരുടെയും അന്തസിലും വലിയ വെല്ലുവിളികൾ പരിഹരിക്കാനുള്ള നമ്മുടെ ശക്തിയിലും ഉള്ള വിശ്വാസത്തിൽ നിന്നാണ് അദ്ദേഹത്തിന്‍റെ പ്രവർത്തനം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

You might also like