ദീപാവലി ആശംസകൾ നേർന്നു വത്തിക്കാൻ ഡിക്കസ്റ്ററി
നവംബർ മാസം പന്ത്രണ്ടാം തീയതി ആഘോഷിക്കുന്ന ദീപാവലി ഉത്സവത്തിന്റെ ആശംസകൾ എല്ലാവർക്കും, പ്രത്യേകിച്ച് ഹിന്ദു സഹോദരങ്ങൾക്ക് നേർന്നു കൊണ്ട് വത്തിക്കാനിലെ മതാന്തരസൗഹാർദ്ദത്തിനുള്ള ഡിക്കസ്റ്ററി സന്ദേശമയച്ചു. നിത്യവെളിച്ചമായ ദൈവം എല്ലാവരുടെയും കുടുംബങ്ങളിലും,വ്യക്തിപരമായ ജീവിതത്തിലും കിരണം ചൊരിയട്ടെയെന്ന വാക്കുകളോടെയാണ് സന്ദേശം ആരംഭിക്കുന്നത്.
ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ, ഭൂമിയിൽ സമാധാനം(Pacem inTerris ) എന്ന ചാക്രികലേഖനത്തിന്റെ അറുപതാം വാർഷികമാഘോഷിക്കുന്ന ഈ അവസരത്തിൽ ഭൂമിയിലെ വിവിധയിടങ്ങളിൽ രൂക്ഷമാകുന്ന യുദ്ധത്തിന്റെ ഭീകരതയ്ക്കെതിരെ സമാധാനത്തിന്റെ വക്താക്കളാകുവാൻ സന്ദേശത്തിൽ എല്ലാവരെയും ക്ഷണിക്കുന്നു.
സത്യത്തിലും,നീതിയിലും,സ്നേഹത്തിലും, സ്വാതന്ത്ര്യത്തിലും അടിയുറച്ച സമാധാനം പങ്കുവയ്ക്കുവാൻ സംഭാഷണത്തിന്റെ മാർഗത്തിലേക്ക് നാം എല്ലാവരും തിരിയണമെന്നും സന്ദേശത്തിൽ അടിവരയിടുന്നു. അതിനാൽ നിരാശരാകാതെ മനുഷ്യവ്യക്തിയുടെ അന്തസ്സിനും, മാന്യതയ്ക്കും വേണ്ടി മതാന്തരസൗഹാർദം ഊട്ടിയുറപ്പിച്ചുകൊണ്ട് ഒരുമിച്ചു പ്രവർത്തിക്കുവാനും എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.