കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അടിയന്തര നടപടി വേണമെന്ന് വിവിധ മതനേതാക്കളുടെ യോഗം
ദുബായിൽ വച്ചു നടക്കാനിരിക്കുന്ന COP28 ഉച്ചകോടിക്ക് മുന്നോടിയായി അബുദാബിയിൽ വച്ച് നടന്ന വിവിധ മതനേതാക്കളുടെ യോഗം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അടിയന്തര നടപടി വേണമെന്ന ആവശ്യം മുൻനിർത്തിയുള്ള അഭ്യർത്ഥനയിൽ ഒപ്പുവച്ചു.അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാമിന്റെ പ്രതിനിധി പ്രൊഫസർ മുഹമ്മദ് അൽ-ദുവൈനിയും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനും ചേർന്നാണ് മുപ്പതോളം വരുന്ന മതനേതാക്കളുടെ പ്രതിനിധി സംഘത്തെ നയിച്ചത്.
ഊർജ സംക്രമണം ത്വരിതപ്പെടുത്താനും, ഭൂമിയെ സംരക്ഷിക്കാനും, പ്രകൃതിയുമായി ഇണങ്ങി പുനചംക്രമണജീവിത മാതൃകകളിലേക്ക് നീങ്ങാനും അഭ്യർത്ഥനയിൽ ആഹ്വാനം ചെയ്യുന്നു.ജൂത, ബുദ്ധ, സിഖ്, ഹിന്ദു നേതാക്കളും മറ്റ് പ്രധാന മതങ്ങളുടെ നേതാക്കളും സംഗമത്തിൽ പങ്കുചേർന്നു. രേഖയിൽ ഒപ്പുവയ്ക്കുന്നതിനു മുൻപ് നേതാക്കളെല്ലാവരും ചേർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ദേശീയ വൃക്ഷമായ ഗാഫ് വൃക്ഷം നട്ടുപിടിപ്പിച്ചതും മാതൃകയായി.തുടർന്ന് രേഖ COP28 ന്റെ നിയുക്ത പ്രസിഡന്റ് സുൽത്താൻ അൽ ജാബറിന് നേതാക്കൾ കൈമാറി. മതാന്തര സംഗമം COP28 ഉച്ചകോടിക്ക് ഏറെ പ്രാധാന്യം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.