ചിക്കുൻഗുനിയ തടയാനുള്ള ആദ്യ വാക്‌സിന് അനുമതി നൽകി യുഎസ്

0

വാഷിംഗ്ടൺ: ചിക്കുൻഗുനിയ തടയാനുള്ള ആദ്യ വാക്‌സിന് അനുമതി നൽകി യുഎസ്. വാല്‌നെവ വികസിപ്പിച്ച വാക്സിൻ ‘ഇക്സ്ചിക്’ എന്ന പേരിലാകും വിപണിയിലെത്തുക. യുഎസ്‌ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (യുഎസ്‌എഫ്‌ഡിഎ ) അനുമതി നൽകിയത്.

18 വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുക. ഒറ്റത്തവണയാണ് എടുക്കേണ്ടത്. ചിക്കുൻഗുനിയ വ്യാപിക്കുന്ന രാജ്യങ്ങളിലേയ്‌ക്ക് വാക്സിൻ ഉടൻ എത്തുമെന്നാണ് റിപ്പോർട്ട്. ലോകത്ത് പലയിടത്തും ഭീഷണിയായ ചിക്കുൻഗുനിയ എന്ന വൈറൽ പനി 2007ൽ ആണ് കേരളത്തിൽ പടർന്ന് പിടിച്ചത്. സാധാരണ മഴക്കാലത്താണ് ഈ പനി പടരുക. ആർബോ വിഭാഗത്തിൽപ്പെടുന്ന വൈറസുകളാണ് രോഗമുണ്ടാക്കുന്നത്. ഈഡിസ് വിഭാഗത്തിൽപ്പെടുന്ന കൊതുകുകളാണ് രോഗാണുക്കൾ വഹിക്കുന്നത്.

രോഗാണുക്കളുള്ള കൊതുക് കടിച്ച് രണ്ട് മുതൽ 12 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. മിക്കവരിലും ഏഴ് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ശക്തമായ പനിയാണ് പ്രധാന ലക്ഷണം. മിക്കവരിലും വിറയലോടുകൂടിയ കഠിനമായ പനിയാണ് ഉണ്ടാവുക. ഡെങ്കിപ്പനി, വൈറൽ പനി എന്നിവയോട് സാമ്യമുണ്ടെങ്കിലും ചില വ്യത്യാസങ്ങൾ ചിക്കുൻഗുനിയയ്‌ക്കുണ്ട്. പനിക്കൊപ്പം സന്ധികളിൽ നീരും വേദനയും ഉണ്ടാവുന്നു. ചിലർക്ക് ക്ഷീണം, ഛർദി എന്നിവയും ഉണ്ടാകാം. പനി മാറിയാലും സന്ധിവേദനയും നീർക്കെട്ടും മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കും. മറ്റ് രോഗങ്ങൾ ഉള്ളവരിൽ മരണം പോലും സംഭവിക്കാം. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ ആരംഭിക്കണം.

You might also like