പാലക്കാട് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം

0

പാലക്കാട്: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ മേലാർകാട് പുളിഞ്ചുവടിന് സമീപത്താണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ നെന്മാറ കണിമംഗലം ചെന്നംകോട് പൊന്നുമണി (60), സന്തോഷ് (40) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ആലത്തൂർ ഭാഗത്ത് നിന്ന് നെന്മാറയിലേയ്‌ക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ. ബൈക്കും നെന്മാറ ഭാഗത്തേക്കാണ് പോയത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് പിക്കപ്പ് വാനിന്റെ വലതുവശത്ത് ഇടിച്ചുകയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ പൊന്നുമണിയും സന്തോഷും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കഴിഞ്ഞ ദിവസം ശബരിമല തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട സംഭവമുണ്ടായിരുന്നു. കാർ ഇലക്ടിക്ക് പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു. പെരുമ്പാവൂർ എം.സി.റോഡിൽ കീഴില്ലം പരത്തുവയലിൽ പടിക്കു സമീപത്ത് വച്ചായിരുന്നു അപകടം. കർണാടക സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മൂന്നുപേർക്ക് പരിക്കേറ്റു. കർണാടക സ്വദേശി ദോത്തുർ മാറങ്കി യിൽ ചന്ദ്ര ( 48 ) ആണ് മരിച്ചത്. പരിക്കേറ്റ കർണാടക സ്വദേശികളായ മൂന്നുപേരെയും ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായി​രുന്നു അപകടം.

You might also like