അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്; അഞ്ചാം ക്ലാസുകാരൻ കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക്: യുഎസിലെ സ്കൂളില്‍ 17കാരന്റെ വെടിയേറ്റ് അഞ്ചാം ക്ലാസുകാരൻ കൊല്ലപ്പെട്ടു. വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റു. നാല് വിദ്യാർത്ഥികൾക്കും സ്കൂൾ അഡ്മിനിസ്ട്രേറ്റർക്കുമാണ് പരിക്കേറ്റത്. മിഡ്വെസ്റ്റേൺ യുഎസ് സ്റ്റേറ്റായ അയോവയിലാണ് സംഭവം. 17 കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിന് ശേഷം ഇയാൾ സ്വയം വെടിവെച്ചിരുന്നു.
അതിനിടെ സ്കൂളിൽ നിന്നും സ്ഫോടക വസ്തു പോലീസ് കണ്ടെടുത്തു. ഇത് നിർവീര്യമാക്കിയതായി പോലീസ് അറിയിച്ചു. പുതിയ സെമസ്റ്ററിനായി വ്യാഴാഴ്ചയായിരുന്നു ക്ലാസ് ആരംഭിച്ചത്. അതേസമയം വെടിയുതിർക്കുന്ന ശബ്ദം കേട്ട് ഭയന്ന് ബെഞ്ചിനടിയിൽ ഒളിക്കുകയായിരുന്നുവെന്നു ഹൈസ്കൂൾ വിദ്യാർത്ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. ‘എന്താണ് നടക്കുന്നതെന്ന് വ്യക്തമായിരുന്നില്ല, ശബ്ദം കേട്ടതോടെ ക്ലാസിൽ ഒളിച്ചു. ഉടൻ തന്നെ എന്റെ കാറിലേക്ക് ഓടിക്കയറി. ഈ സമയം പരിക്കേറ്റൊരു പെൺകുട്ടിയെ സ്കൂൾ അധികൃതർ പുറത്തേക്ക് കൊണ്ടുവരുന്നതാണ് കണ്ടത്’, കുട്ടി പറഞ്ഞു.