വിവാഹമെന്ന കൂദാശ സംബന്ധിച്ച കത്തോലിക്കാപ്രമാണങ്ങൾ മാറ്റമില്ലാതെ തുടരും: വിശ്വാസതിരുസംഘം

0

കഴിഞ്ഞ ഡിസംബർ 18-ന് വിശ്വാസതിരുസംഘം, ക്രമവിരുദ്ധ അവസ്ഥകളിലുള്ള ദമ്പതികൾക്ക് ആശീർവാദം നൽകുന്നതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പുറത്തുവിട്ട “ഫിദൂച്യ സൂപ്പ്ളിക്കൻസ്” (Fiducia supplicans) എന്ന രേഖയെക്കുറിച്ച് ഉയർന്നുവന്ന വിവിധ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ, ഡികാസ്റ്ററിയുടെ അദ്ധ്യക്ഷനും സെക്രട്ടറിയും ഇതുസംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങളുമായി പുതിയ ഒരു പ്രസ്‌താവന ജനുവരി 4 വ്യാഴാഴ്ച പുറത്തുവിട്ടു. മുൻ രേഖയിൽ വിശദീകരിച്ചിരുന്നതുപോലെതന്നെ, വിവാഹം സംബന്ധിച്ച സഭയുടെ ഉദ്ബോധനത്തിലോ പ്രമാണത്തിലോ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന പ്രസ്‌താവന ഡികാസ്റ്ററി വീണ്ടും ആവർത്തിച്ചു. ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവേൽ ഫെർണാണ്ടസും, സെക്രെട്ടറി മോൺസിഞ്ഞോർ അർമാന്തോ മത്തെയോയും ഒപ്പിട്ട പുതിയ പത്രക്കുറിപ്പിൽ, വിവാഹവും ലൈംഗികതയും സംബന്ധിച്ച സഭാപരമായ നിലപാടിൽ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നത് ഇരുവരും വിശദീകരിച്ചു. സംശയങ്ങൾക്കിടനൽകാത്ത വിധത്തിലാണ് “ഫിദൂച്യ സൂപ്പ്ളിക്കൻസ്” എന്ന രേഖ ഡികാസ്റ്ററി പുറത്തുവിട്ടിരുന്നതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി.

വിവാഹത്തിലൂടെ പുരുഷനും സ്ത്രീയും ഒരുമിച്ചു ചേരുന്ന ബന്ധത്തെയാണ് വിവാഹമെന്ന കൂദാശ എന്നതിലൂടെ സഭ ഇപ്പോഴും മുന്നോട്ടുവയ്ക്കുന്നതെന്ന്, വിശ്വാസവുമായി ബന്ധപ്പെട്ട മുൻരേഖയുടെ ആമുഖത്തിന്റെ 4, 5, 11 ഖണ്ഡികകളിൽ വ്യക്തമാണെന്ന് ഡികാസ്റ്ററി ഓർമ്മപ്പെടുത്തി. സഭാപാരമ്പര്യത്തിൽനിന്ന് വ്യത്യസ്തമായതൊന്നും “ഫിദൂച്യ സൂപ്പ്ളിക്കൻസ്” പഠിപ്പിക്കുന്നില്ലെന്നും വിശ്വാസതിരുസംഘം കൂട്ടിച്ചേർത്തു.

ക്രമവിരുദ്ധ അവസ്ഥകളിലുള്ള ദമ്പതികളുടെ ബന്ധത്തെയല്ല സഭ ആശീർവദിക്കുന്നതെന്ന് ഡികാസ്റ്ററിയുടെ പത്രക്കുറിപ്പ് അവർത്തിച്ചുവ്യക്തമാക്കി. ലളിതവും, ചെറുതുമായ അജപാലന ആശീർവാദം വ്യക്തികൾക്ക് നൽകുന്നതിനെക്കുറിച്ചാണ് സഭ പഠിപ്പിച്ചതെന്നും വിശ്വസതിരുസംഘം വിശദീകരിച്ചു. ഇത്തരം ആശീർവാദങ്ങൾ ആരാധനാക്രമപരമായ ഘടനയില്ലാത്തതാണെന്നും, ക്രമവിരുദ്ധമായ വിവാഹത്തെ അവ ന്യായീകരിക്കുന്നില്ലെന്നും  പത്രക്കുറിപ്പ് വ്യക്തമാക്കി.

ഇത്തരം അജപാലനപരമായ ആശീർവാദം നൽകുന്നത് സംബന്ധിച്ച് ഓരോ മെത്രാന്മാർക്കും തങ്ങളുടെ അജപാലനയിടങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുത്ത് വിവേചനാധികാരമുണ്ടെന്നും ഡികാസ്റ്ററി വിശദീകരിച്ചു. വ്യത്യസ്ത ഇടങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുത്ത്, അവ പ്രയോഗികമാക്കുവാൻ സമയം ആവശ്യമായി വന്നേക്കാം. എന്നാൽ ഇത്തരം ഒരു പദ്ധതിയെ പൂർണ്ണമായും തള്ളിക്കളയുന്ന നയങ്ങൾ സ്വീകാര്യമല്ലെന്നും വിശ്വാസതിരുസംഘം ഓർമ്മിപ്പിച്ചു.

You might also like