പ്രവാസികളെ വലച്ച് വിമാനടിക്കറ്റ് നിരക്ക്
മനാമ : ബഹ്റൈനിലെ സ്കൂളുകളിൽ വേനൽക്കാല അവധി പ്രഖ്യാപിച്ചിട്ടും ഈ അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ കഴിയുമോ എന്നുള്ള ആശങ്കയിലാണ് പല പ്രവാസി കുടുംബങ്ങളും. വേനൽ അവധിയിൽ വിമാനക്കമ്പനികളുടെ ഉയർന്ന യാത്രാനിരക്കാണ് ആശങ്കയ്ക്ക് കാരണം.
പ്രവാസ ലോകത്തെ ഉയർന്ന ജീവിത ചെലവുകളും പല കമ്പനികളും ശമ്പളം വെട്ടിക്കുറച്ചത് അടക്കമുള്ള പ്രശ്നങ്ങൾ തന്നെ കീറാമുട്ടിയായി നിൽക്കുമ്പോഴാണ് ഉയർന്ന വിമാനാനിരക്ക് പ്രവാസികൾക്ക് കൂനിന്മേൽ കുരു പോലെ വന്നുനിൽക്കുന്നത്. പ്രവാസികളുടെ വേനൽക്കാല അവധിക്കാലത്ത് കാലങ്ങളായി തുടർന്ന് വരുന്ന വിമാനനിരക്കിലെ വർധനവ് പതിവ് തെറ്റിക്കാതെ ഇത്തവണയും വിമാനക്കമ്പനികൾ നടപ്പിൽ വരുത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലെ എല്ലാ സെക്ടറുകളിലേക്കും വലിയ തോതിലുള്ള നിരക്ക് വർധനവാണ് ഇത്തവണയും വരുത്തിയിട്ടുള്ളത്