ഇനി മതംമാറ്റം ജാമ്യമില്ലാക്കുറ്റം; 10 വർഷം വരെ തടവും പിഴയും

0

ന്യൂദൽഹി: ചത്തീസ്‌ഗഢിൽ ഇനി മതം മാറുന്നത് ജാമ്യമില്ലാക്കുറ്റം. വ്യവസ്ഥകൾക്ക് അനുസൃതമല്ലാതെ നടക്കുന്ന മതം മാറ്റങ്ങൾക്ക് 10 വർഷം വരെ തടവ് ലഭിക്കാവുന്ന തരത്തിലുള്ള നിയമത്തിൻ്റെ കരട് തയ്യാറാക്കിയിരിക്കുകയാണ് ചത്തീസ്‌ഗഢിലെ ബി.ജെ.പി സർക്കാർ. നിയമത്തിന്റെ കരട് ഉടൻ തന്നെ നിയമസഭയിൽ അവതരിപ്പിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് ചത്തീസ്ഗഢ് സർക്കാർ.

സംസ്ഥാനത്ത് ക്രിസ്‌ത്യൻ മിഷണറിമാർക്ക് കീഴിൽ വ്യാപകമായ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് ഉടൻ അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്‌ണുദേവ് സായ് വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് പുതിയ നിയമനിർമാണത്തിന് ഒരുക്കം നടക്കുന്നത്. മതം മാറുന്നവർ 60 ദിവസം മുമ്പെങ്കിലും അപേക്ഷ നൽകേണ്ടതുണ്ട്. വ്യക്തിവിവരങ്ങൽ കാണിച്ച് ജില്ല മജിസ്ട്രേറ്റിന് നൽകുന്ന അപേക്ഷയിൽ പൊലീസ് പരിശോധന നടത്തും. മതം മാറ്റ ചടങ്ങ് സംഘടിപ്പിക്കുന്നവരും ചടങ്ങിന് ഒരു മാസം മുമ്പ് അപേക്ഷ നൽകേണ്ടതുണ്ട്. മതം മാറുന്ന വ്യക്തി മതം മാറിയതിന് ശേഷം 60 ദിവസങ്ങൾക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ജില്ല മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകുകയും വേണം.

മതംമാറ്റം നടന്നത് വ്യവസ്ഥകൾക്ക് അനുസൃതമല്ലെന്ന് മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടാൽ മതം മാറ്റം അസാധുവാക്കും. അംഗീകാരം നൽകുന്നത് വരെ മതംമാറിയ വ്യക്തി സമർപ്പിച്ച സത്യവാങ്മൂലം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുയും ചെയ്യും. മതംമാറുന്ന വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കുകയും ചെയ്യും. മാത്രവുമല്ല, പുതിയ കരട് പ്രകാരം രക്തബന്ധത്തിൽ പെട്ടവർക്കോ, ദത്തെടുക്കൽ വഴി ബന്ധമുള്ളവർക്കോ മതംമാറ്റത്തെ എതിർക്കാനും സാധിക്കും. ഇത്തരം ബന്ധുക്കൾ നൽകുന്ന പരാതിയിൽ കേസെടുക്കാനും ജാമ്യമില്ലാക്കുറ്റം ചുമത്താനും പുതിയ നിയമപ്രകാരം സാധിക്കും. സെഷൻസ് കോടതികളിലാകും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുക. മതം മാറ്റുന്നവർക്ക് 2 മുതൽ 10 വർഷം വരെ തടവും 25000 രൂപ പിഴയുമുണ്ടാകും. കൂട്ടമായി മതംമാറ്റം സംഘടിപ്പിച്ചാൽ പരമാവധി 1 മുതൽ 10 വർഷം വരെ തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

You might also like