ക്രിസ്ത്യൻ പ്രാർത്ഥന യോഗത്തിനെതിരെ കേസ്; സ്ത്രീകളടക്കം ഏഴുപേർ റിമാൻഡിൽ
ഭോപ്പാൽ: മതപരിവർത്തന ശ്രമം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ സ്ത്രീകളടക്കം ഏഴ് ക്രിസ്തുമത വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യൻ പ്രാർത്ഥന യോഗം നടത്തിയവരെയും യോഗത്തിൽ പങ്കെടുത്തവരെയുമാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിടികൂടിയത്.
മധ്യപ്രദേശിലെ റെയ്സെൻ ജില്ലയിലെ സത്ലാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് നരേന്ദ്ര സിങ് താക്കൂർ, സമീർ മെഹ്റ എന്നിവരാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് രണ്ട് സ്ത്രീകളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.