ആര്‍മി റിക്രൂട്ട്മെന്റ് റാലിക്കിടെ കുഴഞ്ഞുവീണ ഉദ്യോഗാര്‍ഥി മരിച്ചു
കഴക്കൂട്ടം: ആര്‍മി റിക്രൂട്ട്മെന്റ് റാലിയിലെ ഓട്ടത്തിടെ കുഴഞ്ഞുവീണ ഉദ്യോഗാര്‍ഥി മണിക്കൂറുകള്‍ കഴിഞ്ഞ് മരിച്ചു. കാസര്‍ഗോഡ് , നീലേശ്വരം പുത്തരിയടികം പാലത്തടം മഡോണ ഹൗസില്‍ ശേഖരന്റെ മകന് സച്ചിന് (23) ആണ് മരിച്ചത്.
റിക്രൂട്ട്മെന്റ് റാലി നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാവിലെ മറ്റ് ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം സച്ചിനും കായികക്ഷമത തെളിയിക്കാന്‍ ഇറങ്ങിയിരുന്നു. ഓട്ടത്തിനിടെ കുഴഞ്ഞുവീണ സച്ചിന് അവിടെ പ്രഥമശുശ്രൂഷ കൊടുത്തു. തുടര്‍ന്നു റാലിയുടെ നടത്തിപ്പുകാര്‍ സച്ചിനെ കാസര്‍ഗോഡുകാരായ മറ്റ് ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം താമസസ്ഥലത്തേക്കു വിട്ടു. ഇവര്‍ക്കു താമസ സൗകര്യം കൊടുത്തിരുന്നത് ചന്തവിള സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ്. അവിടെ എത്തി ശുചിമുറിയില്‍ പോയിവന്ന സച്ചിന് കുറച്ചു നേരം വിശ്രമിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ സച്ചിന് ശര്‍ദ്ദിച്ചുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.
108 ആംബുലന്‍സ് വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതുകൊണ്ട് ഓട്ടോറിക്ഷയില്‍ കഴക്കൂട്ടം സിഎസ്ഐ. മിഷന് ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും സച്ചിന് വളരെ അവശനായിക്കഴിഞ്ഞിരുന്നു. അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച സച്ചിന് അല്പസമയത്തിനകം മരിച്ചു.