താപനില മുന്നറിയിപ്പില്‍ മാറ്റം; ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും
തിരുവനന്തപുരം: സംസ്ഥാനത്തെ താപനില മുന്നറിയിപ്പില്‍ മാറ്റം വരുത്തി. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ജാഗ്രതയുടെ ഭാഗമായി ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 37 വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയുംരേഖപ്പെടുത്താന് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്ന് ഉയര്‍ന്ന രാത്രി താപനില തുടരാനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതിനിടെ ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് പരക്കെ മഴയും പ്രവചിക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ബുധനാഴ്ചയും വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയും പ്രവചിക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി എറണാകുളത്തും വയനാട്ടിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്തും, കന്യാകുമാരി, തൂത്തുക്കുടി, തെക്കന്‍ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ട്.