ഇന്ത്യയുടെ ഏറ്റവും വലിയ ക്രൈസ്തവ ഗാനസമാഹാരം ഹല്ലേല്ലൂയ്യാ ബുക്‌സ് പുറത്തിറക്കി
തിരുവല്ല: ഇന്ത്യയുടെ ഏറ്റവും വലിയ ക്രൈസ്തവ ഗാനസമാഹാരം ഹല്ലേല്ലൂയ്യാ ബുക്‌സ് പുറത്തിറക്കി. 5591 ഗാനങ്ങള്‍ അടങ്ങിയ ശാലേം ഗീതങ്ങള്‍ സമാഹരിച്ചത് തിരവല്ല ചെള്ളേത്ത് സീയോനില്‍ ഏലിയാമ്മ സ്‌കറിയ എന്ന 82 വയസ്സുകാരിയായ റിട്ടയേര്‍ഡ് അധ്യാപികയാണ്.
മെയ് 26ന് കുമ്പനാട് എലീം ഐപിസിയില്‍ നടന്ന ചടങ്ങില്‍ പാസ്റ്റര്‍ സി സി എബ്രഹാമില്‍ നിന്ന് പ്രഥമ കോപ്പി പാസ്റ്റര്‍ രാജു പൂവക്കാല ഏറ്റുവാങ്ങി. പാസ്റ്റര്‍ സി ഐ പത്രോസ് അധ്യക്ഷത വഹിച്ചു.പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ പ്രസ്താവന നടത്തി. ആറായിരത്തോളം ക്രൈസ്തവ ഗാനങ്ങളുടെ മഹാസമാഹാരമാണിത്. ക്രൗണ്‍ വണ്‍ ഫോര്‍ത്ത് സൈസില്‍ 1145 പേജുകള്‍ ഉള്ള ഈ പാട്ട് പുസ്തകത്തിന് 1500 രൂപയാണ് വില.
ഹിന്ദി അധ്യാപികയായി റിട്ടയര്‍ ചെയ്ത ഏലിയാമ്മ സ്‌കറിയ 60 വര്‍ഷം കൊണ്ട് ശേഖരിച്ച് എഴുതി വെച്ച ഗാനങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുണ്ടിയപ്പള്ളി മുണ്ടയ്ക്കല്‍ പാസ്റ്റര്‍ എം ഡി ജോര്‍ജിന്റെ മകളായി ജനിച്ച ഏലിയാമ്മയെ പിതാവാണ് പാട്ടുകള്‍ ശേഖരിച്ചുവെക്കാനും വലിയൊരു പാട്ടു പുസ്തകം പ്രസിദ്ധീകരിക്കുവാനും ആദ്യ പ്രേരണ നല്‍കുന്നത്. മിലിട്ടറിയില്‍ എഞ്ചിനീയറും പില്‍ക്കാലത്ത് പാസ്റ്ററുമായ ഭര്‍ത്താവ് പാസ്റ്റര്‍ സ്‌കറിയ തോമസും ഈ ദൗത്യത്തില്‍ പങ്കാളിയായി.
ശേഖരിച്ച ഗാനങ്ങള്‍ എല്ലാം സ്വന്തം കൈപ്പടയില്‍ 16 വലിയ ഡയറികളിലായി എഴുതി സൂക്ഷിച്ചു.പെന്തക്കോസ്ത്,ബ്രദറന്‍,മാര്‍ത്തോമ,സിഎസ്‌ഐ സഭകളുടെ പാട്ടുപുസ്തകങ്ങളും അനേക വര്‍ഷങ്ങളിലെ കണ്‍വന്‍ഷന്‍ പാട്ടുപുസ്തകങ്ങളും 1964 മുതലുള്ള സീയോന്‍ ഗീതാവലികളും ഏലിയാമ്മയുടെ ശേഖരത്തിലുണ്ട്.
തലമുറകളായി പാടിയതും ഭക്തന്മാര്‍ രചിച്ചതുമായ ഗാനങ്ങള്‍ വരുംതലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ ഒരു റഫറന്‍സ് ഗ്രന്ഥമായാണ് ഈ സമാഹാരം തയ്യാറാക്കിയിരിക്കുന്നത്.
പാട്ടു പുസ്തകം ആവശ്യമുള്ളവര്‍ ഹാലേല്ലൂയ്യാ ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍ നമ്പര്‍:9349500155 , 6282936289 … പോസ്റ്റലായും പുസ്തകം അയച്ചു തരും.