ബിഹാറിലെ അരാരിയയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം തകർന്നു
പട്ന: ബിഹാറിലെ അരാരിയയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം തകർന്നു. കോടികൾ മുടക്കി ബക്ര നദിക്കു കുറുകെ നിർമിച്ച കോൺക്രീറ്റ് പാലമാണ് ഉദ്ഘാടനത്തിന് മുമ്പേ തകർന്നത്.
നദിക്കു കുറുകെയുള്ള പാലം ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്നതിന്റെയും നിമിഷങ്ങൾക്കുള്ളിൽ തകരുന്നതിന്റെയും ദൃശ്യങ്ങൾ ദേശീയമാധ്യമങ്ങൾ പങ്കുവച്ചു. തകർന്ന ഭാഗം നിമിഷങ്ങൾക്കകം നദിയിലൂടെ ഒലിച്ചുപോയി. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം അപകടകരമായ സാഹചര്യത്തിൽ തകർന്ന പാലത്തിന് സമീപം നിൽക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബിഹാറിലെ അരാരിയ ജില്ലയിൽ കുർസകാന്തയ്ക്കും സിക്‌തിക്കും ഇടയിലുള്ള യാത്രാസൗകര്യം സുഗമമാക്കുന്നതിനാണ് 12 കോടി രൂപ ചെലവിൽ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. നിർമാണ കമ്പനി ഉടമയുടെ അനാസ്ഥ മൂലമാണ് പാലം തകർന്നതെന്നും വിഷയത്തിൽ അന്വേഷണം നടത്തണമെന്നും സിക്തി എംഎൽഎ വിജയ് കുമാർ ആവശ്യപ്പെട്ടു.