തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകള്‍
ഹൈദരാബാദ്: തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍. സിദ്ദിപേട്ട് ജില്ലയിലെ പള്ളിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പ്രവര്‍ത്തകരുടെ അതിക്രമത്തെ ന്യായീകരിച്ച് ബി.ജെ.പി മേദക് എം.പി രഘുനന്ദന്‍ റാവു രംഗത്തെത്തി. അനധികൃത ഭൂമിയിലാണ് പള്ളിയുടെ നിര്‍മാണം നടത്തിയിരിക്കുന്നതെന്നാണ് എം.പിയുടെ ന്യായീകരണം.
രംഗനാഥന്‍ എന്ന ഐ.പി.എസ് ഓഫിസറെ അനധികൃത നിര്‍മാണം പൊളിച്ചു നീക്കുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്നും ബി.ജെ.പി എം.പി പറഞ്ഞു. പൊലിസ് ചെയ്യേണ്ട കാര്യം ഞങ്ങളുടെ കാര്യകര്‍ത്താക്കള്‍ ചെയ്താല്‍ അതില്‍ എന്താണ് തെറ്റെന്ന ചോദ്യവും തന്റെ വാദത്തെ ന്യായീകരിക്കാന്‍ രഘുനന്ദന്‍ റാവു ഉയര്‍ത്തി. പള്ളി നിര്‍മിക്കുന്നതിന് മുമ്പ് പഞ്ചായത്ത് സെക്രട്ടറിയുടേയോ മണ്ഡല്‍ റവന്യു ഓഫീസറടുയോ അനുമതി വാങ്ങിയിട്ടില്ല. ബി.ജെ.പി നിരവധി പരാതികള്‍ നല്‍കിയിട്ടും അനധികൃതമായി നിര്‍മിച്ച പള്ളികളില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നും ബി.ജെ.പി എം.പി വാദിക്കുന്നു.