
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി എബ്രഹാം മരിച്ച നിലയില്‍
കൊച്ചി | സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ പ്രശസ്ത വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി എബ്രഹാമിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിയിലെ സ്വന്തം ഉടമസ്ഥതയിലുള്ള ഫാം ഹൗസിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്.
ഇന്നലെ വൈകിട്ട് സഹോദരനും മറ്റൊരാള്‍ക്കുമൊപ്പമാണ് ഡോ. ജോര്‍ജ് പി അബ്രഹാം ഇവിടെയെത്തിയത്. തുടര്‍ന്ന് രാത്രി ഇവര്‍ മടങ്ങി. പിന്നീട് വിവരം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും വിവരമുണ്ട്.
മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. 25,000ത്തോളം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ ഡോ. ജോര്‍ജ് പി. എബ്രഹാം നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയകളില്‍ 13 വര്‍ഷത്തിലേറെ പരിചയമുള്ള ഡോ. ജോര്‍ജ് 9000 ലാപ്രോസ്‌കോപ്പിക് യൂറോളജിക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയിട്ടുണ്ട്. യൂറോളജി മേഖലയിലെ മികവിന് ഭാരത് ചികിത്സക് രത്തന്‍ അവാര്‍ഡ്, ഭാരത് വികാസ് രത്‌ന അവാര്‍ഡ്, ലൈഫ് ടൈം ഹെല്‍ത്ത് അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.