
മാർപാപ്പയുടെ ആരോഗ്യം മെച്ചപ്പെടുന്നു; ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് വത്തിക്കാൻ
വത്തിക്കാൻ സിറ്റി: മൂന്നാഴ്ചയിലേറെയായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്നതായി വത്തിക്കാൻ. തുടർച്ചയായുള്ള ദിവസങ്ങളിൽ മാർപാപ്പയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു.
ഓക്സിജൻ തെറപ്പിയും ഫിസിക്കൽ തെറപ്പിയും തുടരുന്നു. ശ്വസനം സുഗമമാക്കാൻ ഇടയ്ക്ക് വെന്റിലേറ്റർ ഉപയോഗിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി ശാന്തമായി വിശ്രമിച്ചു. ഇന്നലെ പകലും കാര്യമായ ബുദ്ധിമുട്ടുകളുണ്ടായില്ല. 20 മിനിറ്റോളം ആശുപത്രിയിലെ ചാപ്പലിൽ പ്രാർഥിച്ചെന്നും വത്തിക്കാൻ അറിയിച്ചു.
ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രോ – ലൈഫ് ഗ്രൂപ്പിനായുള്ള കുർബാനയിൽ മാർപാപ്പയുടെ അഭാവത്തിൽ പിയട്രോ പരോളിൻ കാർമികനായി. മാർപാപ്പയുടെ സന്ദേശം വായിച്ചു. ഇന്ന് വിശുദ്ധ വത്സര വൊളന്റിയർമാർക്കുള്ള കുർബാനയിൽ കർദിനാൾ മൈക്കൽ സേർണി കാർമികനാകും.
ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച മാർപാപ്പയെ കഴിഞ്ഞ മാസം 14നാണ് റോമിലെ ജെമെലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്