കോവിഡ് രണ്ടാം തരംഗം, മുതിര്‍ന്ന പൗരന്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0

കോവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിക്കുന്ന സാഹചര്യമാണല്ലോ. കഴിഞ്ഞ തവണ പ്രായമുള്ള വ്യക്തികളെ റിവേര്‍സ് ക്വാറന്റീന്‍ വഴി നമ്മള്‍ക്ക് സംരക്ഷിക്കാന്‍ ഒരു പരിധിവരെ സാധിച്ചു. പക്ഷേ നിയന്ത്രണങ്ങള്‍ മാറിയതും, വാക്‌സീന്‍ എടുക്കാനും മറ്റു ചികിത്സകള്‍ക്കും പ്രായമായവര്‍ പുറത്തിറങ്ങുന്ന ഈ സാഹചര്യത്തില്‍ നമ്മള്‍ കൂടുതല്‍ കരുതല്‍ അവര്‍ക്ക് നല്‍കേണ്ടതുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് അവര്‍ ശ്രദ്ധിക്കേണ്ടത്?

മുതിര്‍ന്ന പൗരന്മാരുടെ വാക്‌സിനേഷന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. എങ്കിലും പലരും ഇനിയും വാക്‌സീന്‍ എടുക്കാനുണ്ട്. അത്തരം ആളുകള്‍ കോവിന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്നതീയതിയില്‍ ആദ്യ ഡോസ് വാക്‌സീന്‍ എടുക്കേണ്ടതാണ്.

നിലവില്‍ ആദ്യ ഡോസ് വാക്‌സീന്‍ എടുത്തവര്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴി രണ്ടാം ഡോസിന് അപ്പോയിന്റ്‌മെന്റ് എടുത്ത ശേഷം നിശ്ചിത സമയത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി രണ്ടാം ഡോസ് എടുക്കുക.

കോവിഷീല്‍ഡ് എടുത്തവര്‍ ആറു മുതല്‍ എട്ട് ആഴ്ച വരെയുള്ള കാലയളവിലും കോവാക്‌സിന്‍ എടുത്തവര്‍ നാലുമുതല്‍ ആറ് ആഴ്ച വരെയുള്ള കാലയളവിലും രണ്ടാം ഡോസ് എടുക്കേണ്ടതാണ്.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൃത്യമായി കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുവാന്‍ ശ്രദ്ധിക്കുക.സാമൂഹിക അകലം പാലിക്കുക, മാസ്‌ക് കൃത്യമായി ഉപയോഗിക്കുക.

പൊതുചടങ്ങുകളിലും ആള്‍ക്കൂട്ടങ്ങളിലും പോകാതിരിക്കുക. കല്യാണങ്ങള്‍ തുടങ്ങിയവയില്‍ ആളുകള്‍ കുറവാണെങ്കില്‍ പോലും മുതിര്‍ന്ന പൗരന്മാര്‍ പങ്കെടുക്കാതിരിക്കുന്നതാകും അഭികാമ്യം.
ആരാധനാലയങ്ങളില്‍ പോകുന്നതും ഒഴിവാക്കണം.

വീടുകളില്‍ പുറത്തു പോയി വരുന്നവരുമായി സാധിക്കും വിധം അകലം പാലിക്കുക. സാധ്യമെങ്കില്‍ വീടിനുള്ളിലും മാസ്‌ക് ധരിക്കുക.

കൂടെ താമസമില്ലാത്ത മക്കള്‍, പേരക്കുട്ടികള്‍, മറ്റു ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരോട് ഫോണ്‍ വഴി ബന്ധം പുലര്‍ത്തുക, വിഡിയോ കാള്‍ വഴി പരസ്പരം കാണുക, നല്ല കാര്യങ്ങള്‍ സംസാരിക്കുക.

ധാരാളം വെള്ളം കുടിക്കുക. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക. പതിവായി ചെയ്യുന്ന വ്യായാമങ്ങള്‍ വീടിനുള്ളിലും തുടരുക.

You might also like