ഞാൻ ദുഃഖിതനാണ്; ഗാസയ്ക്ക് മേൽ ഇസ്രായേലിൻെറ യുദ്ധവെറി ഉടൻ അവസാനിപ്പിക്കണം-മാർപ്പാപ്പ

0

വത്തിക്കാന്‍ സിറ്റി: ഗാസയ്ക്കുമേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഗാസയില്‍ ആക്രമണം പുനഃരാരംഭിച്ചതില്‍ താന്‍ ദുഃഖിതനാണെന്നും ആക്രമണം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ എത്രയും വേഗം തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഗാസയ്ക്കുമേലുള്ള ഇസ്രയേലിന്റെ കടുത്ത ബോംബാക്രമണം വീണ്ടും തുടങ്ങിയതിൽ ഞാന്‍ അതീവ ദുഃഖിതനാണ്. ഒട്ടേറെ പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു.’ -ഞായറാഴ്ച പ്രസിദ്ധീകരിച്ച പ്രാര്‍ഥനയില്‍ അദ്ദേഹം പറഞ്ഞു. ‘ആയുധങ്ങള്‍ ഉടന്‍ നിശബ്ദമാക്കപ്പെടണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കണം. അതുവഴി ബന്ദികളെ മോചിപ്പിക്കാനും സ്ഥിരമായ വെടിനിര്‍ത്തലിലേക്ക് എത്താനും കഴിയും. ഗാസാ മുനമ്പിലെ സാഹചര്യം വീണ്ടും ഗുരുതരമായിരിക്കുകയാണ്. ഇതില്‍ ഉള്‍പ്പെട്ടവരുടേയും അന്താരാഷ്ട്ര സമൂഹത്തിന്റേയും അടിയന്തര ഇടപെടല്‍ ഇവിടെ ആവശ്യമാണ്.’ -മാര്‍പ്പാപ്പ പറഞ്ഞു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ റോമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു മാസത്തിന് ശേഷം ഞായറാഴ്ച അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. ഒട്ടേറെ വിശ്വാസികളാണ് ആശുപത്രിക്കു ചുറ്റും തടിച്ചുകൂടിയത്. ജീവിതത്തിലേക്ക് മടങ്ങിവന്ന മാര്‍പാപ്പയെ ആഹ്ലാദാരവങ്ങളോട് കൂടിയാണ് ജനങ്ങള്‍ വരവേറ്റത്. തന്റെ രോഗമുക്തിക്കായി പ്രാര്‍ഥിച്ച ഓരോരുത്തര്‍ക്കും നന്ദിയെന്ന് മാര്‍പാപ്പ പറഞ്ഞു.

മാര്‍പാപ്പയ്ക്ക് നിലവില്‍ ഓക്സിജന്‍ തെറപ്പി തുടരുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. രണ്ട് മാസത്തോളം പൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
യുദ്ധത്തിന്റെ അസംബന്ധം കൂടുതല്‍ മനസ്സിലാക്കാന്‍ അനാരോഗ്യം തന്നെ സഹായിച്ചതായി മാര്‍ച്ച് 14-ന് ഇറ്റാലിയന്‍ ദിനപത്രമായ കൊറിയര്‍ ഡെല്ല സെറയുടെ പത്രാധിപര്‍ക്കയച്ച കത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. ചില കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി ഉള്‍ക്കൊള്ളാന്‍ രോഗകാലം സഹായിച്ചെന്നും പത്രാധിപര്‍ ലൂസിയാനോ ഫോണ്ടാനയുടെ കത്തിനുള്ള മറുപടിയായി മാര്‍പാപ്പ എഴുതി.

You might also like