‘കമ്പനിയുടെ ചരിത്രത്തിലെ ഇരുണ്ട ദിനം’; സഹപ്രവര്‍ത്തകര്‍ക്ക് കത്തെഴുതി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍

0

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വ്യോമദുരന്തത്തിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ക്ക് കത്തെഴുതി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍. കമ്പനിയുടെ ചരിത്രത്തിലെ ഇരുണ്ടദിനമെന്നാണ് അദേഹം ദുരന്തത്തെ വിശേഷിപ്പിച്ചത്.

‘കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കാനാകാത്തതാണ്. അതിന്റെ ഞെട്ടലിലും ദുഖത്തിലുമാണ് ഞങ്ങള്‍. നമ്മളറിയാവുന്ന ഒരാള്‍ നഷ്ടപ്പെടുന്നത് ഒരു ദുരന്തമാണ്. എന്നാല്‍, ഒരേമയം ഇത്രയധികം മരണങ്ങള്‍ സംഭവിച്ചത് ഒരിക്കലും മനസിലാകുന്നില്ല. ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളില്‍ ഒന്നാണിത്’.- അദേഹം കത്തില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യ, യു.കെ, യു.എസ് തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സംഘം അഹമ്മദാബാദില്‍ എത്തിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും കണ്ടെത്തലുകളില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും അദേഹം ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കി.

വസ്തുതകള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ ദുരന്തം എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചുള്ള ആശയ വിനിമയത്തില്‍ തങ്ങള്‍ സുതാര്യത പുലര്‍ത്തും. എയര്‍ ഇന്ത്യ ഏറ്റെടുത്തപ്പോള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു പ്രഥമ പരിഗണന. അതില്‍ ഒട്ടും വിഴ്ച ഉണ്ടായിരുന്നില്ലെന്നും കത്തില്‍ പറഞ്ഞു

You might also like