
ലാവയ്ക്ക് സമാനം: വിമാനം അഗ്‌നിഗോളമായതോടെ പ്രദേശത്തെ താപനില 1000 ഡിഗ്രി സെല്‍ഷ്യസില്‍
അഹമ്മദാബാദ്: അപകടത്തില്‍ വിമാനത്തിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതോടെ പ്രദേശത്തെ താപനില ആയിരം ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. താപനില ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് നിമിഷനേരം കൊണ്ട് വലിയ തീഗോളം അന്തരീക്ഷത്തില്‍ ഉയര്‍ന്നു. ഇതോടെ ഈ സ്ഥലത്തെ താപനില 1000 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുതിച്ചെന്നും ഇത് അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യത കുറച്ചെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. അഗ്‌നിപര്‍വ്വതങ്ങളിലെ ലാവ സാധാരണയായി 1140 മുതല്‍ 1170 ഡിഗ്രി സെല്‍ഷ്യസില്‍വരെ എത്താറുണ്ട്. ഇതിനോട് സമാനമാണ് അപകടത്തിന് പിന്നാലെ രൂപപ്പെട്ട സാഹഹചര്യമെന്നാണ് വിവരം.
ഇതുപോലൊരു സാഹചര്യം നേരിടേണ്ടതായി വന്നിട്ടില്ലെന്നാണ് ഒരു എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. പിപിഇ കിറ്റുകളുമായാണ് തങ്ങള്‍ വന്നത്. പക്ഷേ താപനില വളരെയധികം ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടിലാക്കി. എല്ലായിടത്തും അവശിഷ്ടങ്ങളായിരുന്നു. തിളച്ചുമറിയുന്നുണ്ടായിരുന്ന ഈ അവശിഷ്ടങ്ങള്‍ തങ്ങള്‍ക്ക് നീക്കേണ്ടതായി വന്നുവെന്നും അദേഹം പറഞ്ഞു.
അപകടത്തില്‍പ്പെട്ട വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചു. വ്യാഴാഴ്ച വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്റര്‍ അകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്
