
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. അന്തര്‍ വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഇവയ്ക്ക് ശബ്ദത്തേക്കാള്‍ 7.5 മടങ്ങ് അധിക വേഗത്തില്‍ കുതിക്കാനാകും.
മണിക്കൂറില്‍ 9,261 കിലോമീറ്ററാണ് കെ 6 എന്ന് പേരിട്ടിരിക്കുന്ന ഈ മിസൈലിന്റെ വേഗം. നിലവില്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ കീഴില്‍ വികസനത്തിന്റെ അവസാന ഘട്ടത്തിലാണ് കെ 6. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള കെ 4, കെ 5 മിസൈലുകളെ അപേക്ഷിച്ച് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് കെ6.
8000 കിലോ മീറ്ററോളം ദൂരത്തില്‍ ആക്രമണം നടത്താന്‍ സാധിക്കുന്ന മിസൈലാണിത്. പരമ്പരാഗത പോര്‍മുനകളും ആണവായുധവും വഹിക്കാന്‍ ശേഷിയുണ്ട്. ഇന്ത്യയുടെ നാവിക ആണവ പ്രതിരോധത്തിന്റെ നട്ടെല്ലായി മാറുന്ന അത്യാധുനിക ആയുധമാകും ഇത്. ഡിആര്‍ഡിഒയുടെ കീഴിലുള്ള ഹൈദരാബാദിലെ അഡ്വാന്‍സ്ഡ് നേവല്‍ സിസ്റ്റം ലബോറട്ടറി ( എ.എസ്.എല്‍)യാണ് മിസൈലിന്റെ നിര്‍മാതാക്കള്‍.
2017 ലാണ് കെ 6 മിസൈല്‍ പദ്ധതി ആരംഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചൈനീസ് കടന്നുകയറ്റം ഉണ്ടാകുന്ന സാഹചര്യത്തിലാണ് അതിവേഗം മിസൈല്‍ വികസനം നടന്നത്. നിലവില്‍ ചൈനയുടെ പക്കലുള്ള ജെ.എല്‍ 3 എന്ന ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലിന് 9000 കിലോ മീറ്ററോളം പ്രഹര പരിധിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയും പ്രതിരോധത്തിനായി ആക്രമണ ശേഷി ഉയര്‍ത്തുന്നത്.
ഹൈപ്പര്‍ സോണിക് വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ മിക്ക രാജ്യങ്ങളുടെയും പ്രതിരോധ സംവിധാനങ്ങള്‍ക്ക് കെ 6 മിസൈലിനെ തടയാനാകില്ല. അഗ്‌നി 5 മിസൈലിനെ പോലെ ഇതിനും ഒരേസമയം ഒന്നലധികം പോര്‍മുനകള്‍ വഹിക്കാനാകും. അതായത് ഒറ്റ വിക്ഷേപണത്തില്‍ ഒന്നലധികം ലക്ഷ്യങ്ങളെ ആക്രമിക്കാനാകും. ഇതിനായുള്ള മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെഡന്റ്ലി ടാര്‍ഗെറ്റബിള്‍ റി എന്‍ട്രി വെഹിക്കിള്‍ (എം.ഐ.ആര്‍.വി) എന്ന ടെക്നോളജി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചതാണ്.
ഒരേസമയം ഒന്നലധികം ലക്ഷ്യങ്ങളെ ആക്രമിക്കാനാകുമെന്നതിനാല്‍ കെ 6 മാരകമായ ആയുധമായി മാറുന്നു. അതിനാല്‍ ഇവയുടെ ആക്രമണം തടസപ്പെടുത്തുക എന്നത് ഏതാണ്ട് അസാധ്യമാണ്. അമേരിക്ക റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ എം.ഐ.ആര്‍.വി സാങ്കേതിക വിദ്യയുള്ളൂ. ഈ എലൈറ്റ് ക്ലബ്ബിലാണ് ഇപ്പോള്‍ ഇന്ത്യയും എത്തുന്നത്. വിക്ഷേപണങ്ങളുടെ എണ്ണം കുറയ്ക്കാനും അതേസമയം തന്നെ ശത്രുവിന് മേല്‍ പരമാവധി ആഘാതം ഉണ്ടാക്കാനും ഇതിലൂടെ സാധിക്കും.
8000 കിലോമീറ്ററോളം ദൂരത്തേക്ക് ആക്രമണം നടത്താമെന്നതിനാല്‍ സുരക്ഷിതമായ ദൂരത്തിലിരുന്ന് കടലിനടിയില്‍ നിന്ന് ശത്രുവിനെ ആക്രമിക്കാനാകുമെന്നതാണ് കെ 6 മിസൈല്‍ കൊണ്ടുള്ള മെച്ചം. മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന മിസൈലാണ് ഇത്. 12 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള മിസൈലിന് 3000 കിലോയോളം ഭാരമുള്ള പോര്‍മുനകള്‍ വഹിക്കാന്‍ സാധിക്കും
