
വോട്ടര്‍ പട്ടിക തീവ്ര പുനപരിശോധന നടത്തുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെ പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പുനപരിശോധന നടത്തുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഈ മാസം മുപ്പതിനകം ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധന നടപ്പാക്കുന്നതിന് മുന്നോടിയായാണ് നിര്‍ദേശം. വോട്ടര്‍ പട്ടികയിലുള്ള നടപടികള്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തന്നെ ആരംഭിച്ചേക്കുമെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ പറഞ്ഞു.
അടുത്ത 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ പ്രത്യേക തീവ്ര പുനപരിശോധന നടപ്പിലാക്കാന്‍ തയ്യാറാകണമെന്നാണ് സെപ്റ്റംബര്‍ ആദ്യവാരം ചേര്‍ന്ന യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.
പിന്നീട് കൂടുതല്‍ വ്യക്തതക്കായി സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടുകയായിരുന്നു. അവസാനത്തെ തീവ്ര പുനപരിശോധനയ്ക്ക് ശേഷം ഓരോ സംസ്ഥാനങ്ങളിലെയും വോട്ടര്‍ പട്ടികകള്‍ തയ്യാറാക്കി വെക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പല സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അവസാന തീവ്ര പുനപരിശോധന നടപ്പാക്കിയ ശേഷം പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികകള്‍ ഇതിനകം തന്നെ തങ്ങളുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
