
3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: ബിഹാറിലെ പ്രത്യേക വോട്ടര്‍ പട്ടികയില്‍ തീവ്ര പുനപരിശോധനയ്ക്ക് (എസ്ഐആര്‍) ശേഷം ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. പുതുതായി ചേര്‍ത്തവരില്‍ ഭൂരിഭാഗവും പുതിയ വോട്ടര്‍മാരാണെന്നും ഒഴിവാക്കപ്പെട്ടവരില്‍ നിന്ന് ആരും ഇതുവരെ പരാതിയോ അപ്പീലോ നല്‍കിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
മരണം, താമസം മാറ്റം, പേരുകളിലെ ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ യഥാര്‍ത്ഥ പട്ടികയില്‍ നിന്ന് 65 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ കരട് പട്ടികയില്‍ 17.87 ലക്ഷം വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. കരട് പട്ടികയിലേക്ക് 21.53 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ത്തപ്പോള്‍, 3.66 ലക്ഷം പേരുകള്‍ നീക്കം ചെയ്തു. ഇതോടെ 17.87 ലക്ഷത്തിന്റെ വര്‍ധനവുണ്ടായി. പ്രത്യേക തീവ്ര പുനപരിശോധനയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ വ്യാഴാഴ്ചയ്ക്കകം ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്
