ഇന്ത്യ വീണ്ടും മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

0

ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ നോട്ടാം (Notice to Airmen – NOTAM) പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ മുന്നറിയിപ്പ് പ്രകാരം ഒക്ടോബര്‍ 15 നും 17 നും ഇടയില്‍ ഇന്ത്യ മിസൈല്‍ പരീക്ഷിക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. 3,550 കിലോ മീറ്റര്‍ വരെ അപകട മേഖലയായി വ്യോമസേന അറിയിച്ചുണ്ട്. ഇതോടെയാണ് ഇന്ത്യ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്ത വരുന്നത്.

ഇതിന് മുന്‍പ് പുറത്തിറക്കിയ നോട്ടാം മുന്നറിയിപ്പ് മൂന്ന് തവണ പരിഷ്‌കരിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഒക്ടോബര്‍ ആറിന് ആദ്യമിറക്കിയ മുന്നറിയിപ്പില്‍ അപകട മേഖലയായി നിശ്ചയിച്ചിരുന്നത് 1,480 കിലോ മീറ്റര്‍ ആയിരുന്നു. തൊട്ടടുത്ത ദിവസം ഈ മുന്നറിയിപ്പ് പുതുക്കി. അതിലെ ദൂരപരിധി 2,520 കിലോ മീറ്ററായിരുന്നു.

പിന്നാലെ വീണ്ടും പുതുക്കി 3,550 കിലോ മീറ്ററാക്കി വര്‍ധിപ്പിച്ചു. ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കാന്‍ ചൈനയും അമേരിക്കയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

You might also like