
ഖത്തറിന്റേയും തുര്‍ക്കിയുടേയും മധ്യസ്ഥത; പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ
ഇസ്ലാമാബാദ്: ദിവസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ധാരണയായത്. ഒരാഴ്ചയിലേറെയായി തുടരുന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ ശാശ്വത സമാധാനം സ്ഥാപിക്കാന്‍ വരും ദിവസങ്ങളിലും ചര്‍ച്ച നടത്താന്‍ ഇരു രാജ്യവും സമ്മതിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ചര്‍ച്ചയ്ക്കായി ദോഹയില്‍ എത്തിയിരുന്നു. ഖത്തറിന്റേയും തുര്‍ക്കിയുടേയും മധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത്.
ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദോഹയില്‍ എത്തിയത്. പാക് ആഭ്യന്തര മന്ത്രി ഖ്വാജ ആസിഫ്, ഇന്റലിജന്‍സ് മേധാവി ജനറല്‍ അസിം മാലിക്, താലിബാന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
